എറണാകുളം :മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പിൽ മുഖ്യ ആസൂത്രകൻ ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മൺ ആണെണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്. ലക്ഷ്‌മണിനെതിരെ ഗൂഢാലോചന കുറ്റം കൂടി ക്രൈംബ്രാഞ്ച് ചുമത്തി. നിലവിൽ നടത്തിയിട്ടുള്ള അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ഐ ജി ജി ലക്ഷ്‌മൺ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ലക്ഷ്‌മണിന്‍റെ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. ആയുർവേദ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ഐ ജി സമർപ്പിച്ച മെഡിക്കൽ രേഖയിൽ സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടെന്നിരിക്കെ ഐജി ചികിത്സ തേടിയത് വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ്. ഐ പി എസ് പദവി ദുരുപയോഗം ചെയ്‌ത് മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഹൈക്കോടതി, ഐ ജി. ജി ലക്ഷ്‌മണിന് കേസിൽ ഇടക്കാല മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.
പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് ഐ.ജി .ജി ലക്ഷ്‌മൺ, മുൻ ഡി.ഐ.ജി സുരേന്ദ്രൻ, കെ.സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നുവെന്ന പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തത്. ഇതുപ്രകാരമാണ് ഓഗസ്‌റ്റ് 14 ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.