എറണാകുളം:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ കൊച്ചിയിലെ സിനിമ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിലും ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്വേഷണ സംഘം ഇവിടെ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ ഓഫിസ് അടച്ചതിനാൽ ഉള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല.
ഒന്നേകാൽ മണിക്കൂർ സമയം കാത്ത് നിന്നതിന് ശേഷമാണ് ജീവനക്കാർ എത്തി ഓഫിസ് തുറന്ന് കൊടുത്തത്. ദിലീപിന്‍റെ അഭിഭാഷകരും ഇവിടെയെത്തി. അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് നിർമാണ കമ്പനി ഓഫിസിൽ പരിശോധന തുടരുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. നിർമാണ കമ്പനിയിലെ കംപ്യൂട്ടർ ഉൾപ്പെടെ വിശദമായി പരിശോധിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം.
അതേസമയം ദിലീപിന്‍റെ ആലുവയിലെ വീട്ടിലും സഹോദരന്‍റെ പറവൂർ കവലയിലെ വീട്ടിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന തുടരുകയാണ്. ആലുവയിലെ 'പത്മസരോവരം' വീട്ടിൽ എസ്.പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള 20 അംഗസംഘം രാവിലെ 11.45ഓടെയാണ് പരിശോധന തുടങ്ങിയത്. കോടതിയുടെ അനുമതിയോടെയാണ് ഒരേസമയം മൂന്നിടങ്ങളിൽ പരിശോധന. ദിലീപ് ആലുവയിലെ വീട്ടിൽ ഉണ്ടെന്ന് എസ്.പി മോഹനചന്ദ്രൻ പറഞ്ഞു.