എറണാകുളം:നിയമം ലംഘിച്ച് മരടിലെ ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ മുൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. മരട് പഞ്ചായത്ത് മുൻ ഭരണസമിതി അംഗങ്ങളായ പി.കെ രാജു, എം.ഭാസ്കരൻ എന്നിവരെയാണ് അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുന്നത്. ഇവരോട് ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
മരട് ഫ്ലാറ്റ് കേസ്; പഞ്ചായത്ത് മുൻഭരണ സമിതി അംഗങ്ങളെ ചോദ്യം ചെയ്യും
രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ മുൻ ഭരണസമിതി അംഗങ്ങളോട് നിർദേശിച്ചിട്ടുണ്ട്
പഴയ പഞ്ചായത്ത് ഭരണസമിതിയുടെ കൂടി അറിവോടെയാണ് നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് അനുമതികൾ നൽകിയതെന്ന് കേസിൽ അറസ്റ്റിലായ മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. അനുമതി നൽകിയ കാലത്തെ മിനിറ്റ്സ് ഉൾപ്പെടെ തിരുത്തിയെന്നും ആരോപണമുണ്ട്. ഇതു കൂടി കണക്കിലെടുത്താകും ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ കെ എ ദേവസിയിൽ നിന്ന് മൊഴിയെടുക്കുവാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.