എറാണാകുളം:നടിയെ ആക്രമിച്ച കേസിൽ വിവാദ പ്രതികരണം നടത്തിയ ജയിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. കേസ് ഡയറിയോ മൊഴിയോ കാണാത്ത ഒരാൾ കേസ് അന്വേഷണത്തെ ചോദ്യം ചെയ്‌ത് രംഗത്ത് വന്നതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
ആർ ശ്രീലേഖയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് - ആർ ശ്രീലേഖയുടെ വിവാദ പരാമർശം
തിങ്കളാഴ്‌ചയാണ് കേസുമായി ബന്ധപ്പെട്ട് ആർ ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. കേസിൽ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും നടനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്നുമായിരുന്നു ശ്രീലേഖയുടെ പരാമർശം
പുതിയ വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തിൽ തുടരന്വേഷണ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കും. ഈ മാസം പതിനഞ്ചിനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നൽകിയ സമയപരിധി അവസാനിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ഫോറൻസിക്ക് ലാബിൽ നടത്തിയ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.
മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കുന്ന പരിശോധന ഫലവും കേസ് അന്വേഷണത്തിൽ നിർണായകമാണ്. മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയ വിഷയത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു.