കൊച്ചി:മരടിൽ തീരദേശ നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിച്ചവർക്കെതിരെ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോസി ചെറിയാന്‍റെ നേതൃത്വത്തിലുള്ള സംഘം മരട് നഗരസഭയിലെ ഫയലുകൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു വരികയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി ഫ്ലാറ്റ് ഉടമകളുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.
മരട് ഫ്ലാറ്റ്: നിർമ്മാതാക്കൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നു - കൊച്ചി
അന്വേഷണ സംഘം മരട് നഗരസഭയിലെ ഫയലുകൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു. ഫ്ലാറ്റ് ഉടമകളുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം നിർമ്മാതാക്കൾക്കെതിരെ മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് ഉടമയെ അന്വേഷണസംഘം മരട് നഗരസഭയിൽ വിളിച്ചുവരുത്തി രേഖകൾ പരിശോധിച്ചു. മകൾക്കു വേണ്ടി ഫ്ലാറ്റുകൾ വാങ്ങുന്നതിന് മുമ്പ് നിർമ്മാതാവിനോട് പ്രശ്നങ്ങളൊന്നുമില്ലെന്ന് വാക്കാൽ ചോദിച്ച് ഉറപ്പിച്ചതിന് ശേഷമാണ് ഫാറ്റുകൾ വാങ്ങിയതെന്നും, രേഖകൾ കാണിച്ചപ്പോൾ ബാങ്കുകൾ ഉൾപ്പെടെ ലോൺ അനുവദിച്ചതാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
വഞ്ചന, നിയമലംഘനം, മറച്ചുവച്ച് വിൽപ്പന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആൽഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ, ഗോൾഡൻ കായലോരം എന്നീ നിർമ്മാണ കമ്പനികളുടെ ഉടമകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ഇന്നലെയും ക്രൈംബ്രാഞ്ച് സംഘം മരട് നഗരസഭയിലെത്തി സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗുമായി ചർച്ച നടത്തിയിരുന്നു.