എറണാകുളം: മോൻസന്‍ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് നോട്ടിസ് നൽകി വിളിച്ച് വരുത്തിയാണ് കെ.സുധാകരനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി റെസ്റ്റത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍.
എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നും രാവിലെ 11 മണിയോടെയാണ് അദ്ദേഹം അഭിഭാഷകനും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിയത്. ധൈര്യത്തോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിയ വേളയിൽ കൂടുതൽ പ്രതികരണത്തിന് കെ.സുധാകരൻ തയ്യാറായില്ല.
പുരാവസ്‌തു തട്ടിപ്പ് കേസില്‍ പ്രതി ചേർത്തതിന് പിന്നാലെ ജൂണ്‍ 14ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് കെ സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാവകാശം തേടിയ കെ.സുധാകരൻ ജൂണ്‍ 23ന് മുമ്പായി ഹാജരാകാമെന്ന് അറിയിച്ചു. ഇതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടിയ സുധാകരന്‍റെ അറസ്റ്റ് രണ്ടാഴ്‌ച തടഞ്ഞ കോടതി അന്വേഷണവുമായി സഹകരിക്കാനും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും നിർദേശിക്കുകയായിരുന്നു.
പുരാവസ്‌തു തട്ടിപ്പ് കേസില്‍ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്:പുരാവസ്‌തു തട്ടിപ്പ് കേസില്‍ കെ.സുധാകരനെതിരെ കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. പണം കൈമാറിയ ദിവസം മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ പരാതിക്കാരനും സുധാകരനും ഒപ്പമുണ്ടായിരുന്ന ചിത്രവും ബാങ്ക് രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. 2018 നവംബര്‍ 22 നാണ് പരാതിക്കാരനായ തൃശൂര്‍ സ്വദേശി അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൊച്ചിയിലെ വീട്ടില്‍ വച്ച് കൈമാറിയത്.
പണം കൈമാറുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാൽ കെ.സുധാകരൻ ഇത് നിഷേധിച്ചിട്ടുണ്ട്. മോന്‍സനില്‍ നിന്നും സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങിയതിന് ദൃക്‌സാക്ഷിയാണെന്ന് മോന്‍സന്‍റെ മുൻ ഡ്രൈവറും ആരോപിച്ചിരുന്നു. ഡിജിറ്റല്‍ തെളിവുകൾ യഥാര്‍ഥ ഡിവൈസില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിക്കുകയും പരാതിക്കാരായ ഷെമീറിന്‍റെയും യാക്കൂബിന്‍റെയും മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.