എറണാകുളം:പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണെതിരായ പോക്സോ കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പരാതിക്കാരിയെ മോൻസൻ്റെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് വിവരശേഖരണം നടത്തി. പഠന സഹായം വാഗ്‌ദാനം ചെയ്ത് മോൻസൺ തൻ്റെ ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയമുള്ളതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നാണ് പെൺകുട്ടിയുടെ അമ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
മോൻസണെതിരായ പോക്സോ കേസ്: പരാതിക്കാരിയെ മോൻസൻ്റെ വീട്ടിലെത്തിച്ച് അന്വേഷണം നടത്തി ക്രൈംബ്രാഞ്ച് 2019ലാണ് കേസിനാസ്പദമായ സംഭവം. തൻ്റെ ജോലിക്കാരിയുടെ മകളെ തുടർ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് മോൻസൺ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. മോൻസൻ്റെ കലൂരിലെ വീട്ടിൽ വച്ചായിരുന്നു പീഡനം നടന്നതെന്നാണ് ആരോപണം. ഈ കേസിലും മോൻസൻ്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിൻ്റെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് പരാതിക്കാരിയെ കലൂരിലെ മോൻസന്‍റെ വീട്ടിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചത്.
ALSO READ:സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
അതേസമയം പ്രവാസി മലയാളി അനിത പുല്ലയിലിനെതിരായ മോൻസൺ മാവുങ്കലിന്‍റെ ശബ്ദരേഖ പുറത്തുവന്നു. പുരാവസ്തു സാമ്പത്തിക തട്ടിപ്പിനെതിരെ പരാതി നൽകിയ ഷമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അനിതയ്ക്ക് തന്നോടുള്ള വൈരാഗ്യത്തിന്‍റെ കാരണം കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
തനിക്കെതിരെ പരാതി നൽകിയ അനിതയ്‌ക്കെതിരെ കേസ് കൊടുക്കും. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് പൂർണമായും തന്‍റെ പണം ഉപയോഗിച്ചാണ്. മറ്റൊരു പരാതിക്കാരന്‍റെ സഹോദരന്‍റെ വിവാഹവും താനാണ് നടത്തിയത്. 18 ലക്ഷം രൂപ നൽകിയിരുന്നു. ഇത് ഒരു മാസത്തിനുള്ളിൽ യൂറോ ആയി തിരികെ നൽകാം എന്ന് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ 10 ലക്ഷം രൂപ തിരികെ ചോദിച്ചതാണ് അനിത തനിക്കെതിരെ തിരിയാൻ കാരണം. 18 ലക്ഷം മുടക്കിയതിൽ 10 ലക്ഷം മാത്രമാണ് തിരികെ ചോദിച്ചതെന്നുമാണ് മോൻസൺ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയത്. അനിതയ്ക്കെതിരെ മോശം പരാമർശങ്ങളും മോൻസൺ നടത്തുന്നുണ്ട്.