എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കൂടുതൽ തെളിവുകൾ വിചാരണക്കോടതിക്ക് കൈമാറി.സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുനശിപ്പിക്കരുത് തുടങ്ങിയ പ്രധാന ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം. ഈയൊരു സാഹചര്യത്തിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ച് നേരത്തെ കോടതിയ്ക്ക് കൈമാറിയിരുന്നു. ഇതിന് പുറമെയാണ് അധിക തെളിവുകൾ വീണ്ടും വിചാരണാ കോടതിക്ക് കൈമാറിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ശബ്ദരേഖ ഉൾപ്പടെയാണ് കൈമാറിയത്. അതേസമയം ദിലീപ് ഇന്നും എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല.
ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഈ മാസം 26 ന് പരിഗണിക്കാൻ മാറ്റി. കോടതി രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ മെയ് 31 ന് പരിഗണിക്കാൻ മാറ്റി.