എറണാകുളം: നാല് ദിവസമായി കൊച്ചി മറൈൻ ഡ്രൈവിൽ നടന്നുവരുന്ന സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിന്‍റെ ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖയിൽ പ്രതിനിധികളുടെ പൊതു ചർച്ച ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് പിണറായി വിജയൻ ഇത് സംബന്ധിച്ച മറുപടി പറയും.
സംസ്ഥാന പൊലീസിനെതിരെയും റവന്യു വകുപ്പിനെതിരെയും പ്രതിനിധികൾ ഉന്നയിച്ച വിമർശനങ്ങളിൽ മുഖ്യമന്ത്രി നൽകുന്ന മറുപടി പ്രധാന്യമുള്ളതാണ്. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപമുൾപ്പടെയുള്ള വിഷയങ്ങളിലുള്ള പാർട്ടിയുടെ നയമാറ്റത്തെ കേന്ദ്ര നേതൃത്വം തന്നെ അംഗീകരിക്കുന്നതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വികസന നയരേഖയെ പ്രതിനിധികൾ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയും സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചത്.