എറണാകുളം:സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊച്ചി. 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മാർച്ച് ഒന്ന് മുതൽ നാലുവരെയാണ് സമ്മേളനം.
മറൈൻ ഡ്രൈവിൽ തയ്യാറാക്കിയ ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം നവ കേരളസൃഷ്ടിക്കായുള്ള കർമപദ്ധതിയും നയരേഖയും പ്രവർത്തന റിപ്പോർട്ടും അംഗീകരിക്കും. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം രാവിലെ 9 30 ന് പതാക ഉയർത്തും. രാവിലെ10.30 ന് തുടങ്ങുന്ന ഉദ്ഘാടന സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് സമാപിക്കും.
12:15 ന് പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കും. മാർച്ച് നാലിന് വൈകിട്ട് ഇ ബാലാനന്ദൻ നഗറിൽ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, ലോകോത്തര കലാകാ രന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും, ശില്പങ്ങളിലും ദൃശ്യവത്കരിച്ച ചരിത്ര പ്രദർശനം, സാംസ്കാരിക സംഗമം തുടങ്ങിയവയും നടക്കും. സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പടെ 400 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇരുപത്തിമൂന്ന് നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന് പൊതുസമ്മേളനത്തിൽ 1500 പേരെയാണ് പങ്കെടുപ്പിക്കുക. സമ്മേളനം നടക്കുന്ന മറൈൻ ഡ്രൈവിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്.
കൊച്ചി നഗരത്തിലാകെ കൊടിതോരണങ്ങളും സ്മാരക കവാടങ്ങളും സ്ഥാപിച്ച് സമ്മേളനത്തെ ആവേശപൂർവം സ്വീകരിക്കുകയാണ് പാർട്ടി പ്രവർത്തകർ. തുടർ ഭരണമെന്ന ചരിത്ര നേട്ടവുമായി പാർട്ടി അധികാരത്തിലിരിക്കുന്ന വേളയിൽ കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് പ്രാധാന്യം ഏറെയാണ്.