എറണാകുളം: വൈപ്പിനില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഞാറയ്‌ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്നാണ് സിപിഎം അക്രമം. അക്രമത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി അടക്കമുള്ളവർക്ക് പരിക്കേറ്റു. ഞാറയ്‌ക്കല്‍ സര്‍വിസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സിപിഐ പിന്തുണച്ചിരുന്നു.
വൈപ്പിനില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി - സിപിഎം പ്രവര്‍ത്തകരാണ് ഓഫിസ് തകര്‍ത്തതെന്ന് സിപിഐ
ഞാറയ്‌ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സിപിഐ പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പ്രകടനമായി എത്തിയ സിപിഎം പ്രവര്‍ത്തകരാണ് ഓഫിസ് തകര്‍ത്തതെന്ന് സിപിഐ
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ കൊടി മരവും, ഫ്ലക്‌സും അടിച്ചു തകര്‍ത്തു. സിപിഐ ഓഫിസിനുള്ളിലേക്ക് കയറി നേതാക്കളെ ആക്രമിച്ച് കസേരകള്‍ തല്ലി തകര്‍ക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ആക്രമണം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് സിപിഐ ജില്ല സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. ആക്രമത്തിൽ കലാശിച്ച പ്രകടനത്തിന് നേതൃത്വം നൽകിയ സിപിഎം. ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം സംഘടനാപരമായ നടപടിയെടുക്കണം. ഈ സംഭവത്തിൽ അക്രമം തടയുന്നതില്‍ ഞാറയ്‌ക്കൽ പൊലീസിന് വീഴ്‌ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.