എറണാകുളം: കേരളം വില കൊടുത്തു വാങ്ങിയ കൊവിഡ് വാക്‌സിന്‍റെ ആദ്യ ബാച്ച് കൊച്ചിയിൽ എത്തി. പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് മൂന്നര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് എത്തിച്ചത്. പൂനെയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് വാക്സിൻ കൊണ്ടുവന്നത്. തുടർന്ന് ശീതീകരിച്ച വാഹനത്തിൽ റോഡ് മാർഗം മഞ്ഞുമ്മലിലെ മെഡിക്കൽ കോർപ്പറേഷൻ വെയർഹൗസിലേക്ക് മാറ്റി.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ആദ്യ വാക്‌സിന്‍ ബാച്ച് കൊച്ചിയിൽ
സർക്കാർ സ്വന്തം നിലയിൽ ഒരു കോടി ഡോസ് വാക്‌സിനാണ് കമ്പനികളിൽ നിന്ന് വാങ്ങുന്നത്.
സർക്കാർ നിർദേശത്തിനനുസരിച്ച് മേഖലാസംഭരണ കേന്ദ്രങ്ങളിലേക്ക് വാക്‌സിൻ എത്തിക്കും. ഇവിടെ നിന്നായിരിക്കും ആവശ്യാനുസരണം വാക്‌സിനേഷൻ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുക. സർക്കാർ സ്വന്തം നിലയിൽ ഒരു കോടി വാക്‌സിനാണ് കമ്പനികളിൽ നിന്ന് വാങ്ങുന്നത്. എഴുപത്തഞ്ച് ലക്ഷം കൊവിഷീൽഡ് വാക്‌സിൻ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും ഇരുപത്തഞ്ച് ലക്ഷം കൊവാക്‌സിൻ ഭാരത് ബയോടെകിൽ നിന്നുമാണ് സംസ്ഥാനം വാങ്ങുന്നത്.
ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ വാക്‌സിൻ വിതരണം സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കും. 45 വയസിന് മുകളിലുളള രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടവർ, ജനങ്ങളുമായി കൂടുതൽ ഇടപെടുന്ന ജോലി ചെയ്യുന്നവർ ഉൾപ്പടെയുള്ളവർക്കായിരിക്കും വാക്‌സിൻ വിതരണത്തിൽ മുൻഗണന. അതേസമയം കൊവാക്‌സിന്‍റെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തിക്കുന്നത് സംബന്ധിച്ച് ഭാരത് ബയോടെക്കില്‍ നിന്ന് ഇതുവരെ വിവരങ്ങളൊന്നും സർക്കാറിന് ലഭിച്ചിട്ടില്ല.