എറണാകുളം: കളമശേരി മെഡിക്കല്‍ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് ഹാരിസ് മരണപ്പെട്ടതെന്ന് ഭാര്യാ സഹോദരൻ അൻവർ കളമശേരി പൊലീസിൽ പരാതി നൽകിയിരുന്നു. അൻവറിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ആശുപത്രിയിൽ ഹാരിസിന്‍റെ മരണ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. മരണസമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് രോഗി ഹാരിസ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി
ഹാരിസിന്‍റെ മരണ സമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും
വെന്‍റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്‌സിജൻ കിട്ടാതെയാണ് ഹാരിസ് മരിച്ചതെന്ന നഴ്‌സിങ് ഓഫീസർ ജലജ ദേവിയുടെ ശബ്‌ദ സന്ദേശം പുറത്ത് വന്നിരുന്നു. ഹാരിസിന്‍റെ മരണസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് രണ്ട് രോഗികൾക്ക് സമാനമായ രീതിയിൽ പ്രശ്‌നങ്ങളുണ്ടായതിന് താൻ സാക്ഷിയാണെന്ന് ആശുപത്രിയിലെ ഡോ.നജ്‌മ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് കളമശേരി മെഡിക്കൽ കോളജ് അധികൃതർ. കൊവിഡ് രോഗം ബാധിച്ച് മരിച്ച ഹാരിസിന് നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു. മരണപ്പെടുമ്പോഴും അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായിരുന്നു. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഭാരക്കൂടുതലും ന്യൂമോണിയയും ഉണ്ടായിരുന്നു. ഹാരിസ് മെക്കാനിക്കൽ വെന്‍റിലേറ്ററിൽ ആയിരുന്നില്ല. പകരം എൻഐവി വെന്‍റിലേറ്ററിൽ ആയിരുന്നു. ഈ ശ്വസന സഹായിയുടെ ഓക്‌സിജൻ ട്യൂബുകൾ ഊരിപ്പോകുന്നവയല്ല. അദ്ദേഹത്തെ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചുവെന്ന വാർത്ത ശരിയല്ലെന്നും ആശുപത്രി അധികൃതർ അവകാശപ്പെടുന്നു. അതേ സമയം മെഡിക്കൽ കോളജിന്‍റെ വിശദീകരണം തള്ളി ഹാരിസിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.