കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി
08:32 July 19
പ്ലാസ്‌മ തെറാപ്പി അടക്കമുള്ള വിദഗ്‌ധ ചികിത്സ നൽകിയിരുന്നു
കൊച്ചി: കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന, തടിക്കക്കടവ് വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് മരിച്ചത്. 67കാരനായ കുഞ്ഞുവീരാന് രക്തസമ്മർദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്നു. വെന്‍റിലേറ്ററിലായിരുന്ന കുഞ്ഞുവീരാന് പ്ലാസ്‌മ തെറാപ്പി അടക്കമുള്ള വിദഗ്‌ധ ചികിത്സകളും ലഭ്യമാക്കിയിരുന്നു. ഇദ്ദേഹത്തെ കൊവിഡും ന്യുമോണിയയും ബാധിച്ച നിലയിലാണ് ജൂലൈ 8ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
അതേസമയം എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഒരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 44 ൽ 38 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയിൽ കൊവിഡ് ക്ലസ്റ്ററുകളായ ചെല്ലാനം പഞ്ചായത്ത്, ആലുവ എന്നിവിടങ്ങളിലാണ് രോഗ ബാധിതരുടെ എണ്ണം തുടർച്ചായി കൂടിവരുന്നത്. മരട് മുനിസിപ്പാലിറ്റിയിലും വിവിധ പഞ്ചായത്തുകളിലുമായി, ജില്ലയിൽ ഇന്ന് ആറിടങ്ങളിൽ പുതുതായി കണ്ടെയ്‌ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു.