എറണാകുളം: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയതോടെ ജില്ലയിലെ കൊവിഡ് സ്ഥിരീകരണത്തിൽ ഒരാഴ്‌ച തുടർച്ചയായി കുറവ് രേഖപ്പെടുത്തി. ഈ കാലയളവിൽ രോഗമുക്തി നിരക്ക് 82 ശതമാനമായി ഉയരുകയും ചെയ്‌തു. ഒരാഴ്‌ചക്കുള്ളിൽ രോഗമുക്തി നിരക്ക് 90 ശതമാനമായി ഉയരുമെന്നും ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി കുറവ് ഉണ്ടാകുന്നുണ്ട്. ശാസ്‌ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും. തൃക്കാക്കര, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികൾക്ക് പുറമേ പിറവം, പറവൂർ മുൻസിപ്പാലിറ്റികളിലും കൊവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. അതിനാൽ രോഗസ്ഥിരീകരണം കൂടുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും.