എറണാകുളം: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച മുതൽ കേരളത്തിലെ തിയേറ്ററുകൾ അടച്ചിടും. കൊച്ചിയിൽ ചേർന്ന ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഈ മാസം മുപ്പത്തിയൊന്ന് വരെ പുതിയ സിനിമകൾ റിലീസ് ചെയ്യാൻ സാധ്യതയില്ലന്നും നിർമ്മാതാക്കൾ അറിയിച്ചു.
കൊവിഡ് 19; കേരളത്തിലെ തിയേറ്ററുകൾ ബുധനാഴ്ച മുതൽ അടച്ചിടും - കൊവിഡ് 19
ഈ മാസം പതിനാറിന് വീണ്ടും അവലോകന യോഗം ചേരും. തുടർന്നും ആവശ്യമെങ്കിൽ തിയേറ്ററുകൾ അടച്ചിടും.
നിലവിൽ ചിത്രീകരണം നടക്കുന്ന 20ലേറെ സിനിമകളുടെ കാര്യത്തിൽ സാഹചര്യം അനുസരിച്ച് നിർമാതാക്കളും സംവിധായകരും തീരുമാനം എടുക്കണമെന്നാണ് നിർദേശം. മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്‍റെ ഷൂട്ടിംഗ് ചൊവ്വാഴ്ച വൈകീട്ടോടെ നിർത്തും. കൊവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഫെഫ്‌ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ മാസം പതിനാറിന് വീണ്ടും അവലോകനം ചേരും. തുടർന്നും ആവശ്യമെങ്കിൽ തിയേറ്ററുകൾ അടച്ചിടും.
കേരളത്തിന് പുറത്ത് ചിത്രീകരണം നടത്തുന്ന സിനിമകളുടെ കാര്യത്തിൽ സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തിയേറ്ററുകളിൽ ആളുകളില്ല. പത്തനംതിട്ടയിൽ നിലവിൽ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സിയാദ് കോക്കർ,ആന്‍റോ ജോസഫ്, ബി.ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.