കൊച്ചി: യേശുക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴസ്‌മരണയിൽ ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കുന്നു. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പൂർണമായും ജനപങ്കാളിത്തം ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്. കാൽ കഴുകൽ ശുശ്രൂഷയും ഒഴിവാക്കിയിരുന്നു. യേശുക്രിസ്‌തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്‍റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്‍റെയും ഓർമ പുതുക്കൽ കൂടിയാണ് പെസഹ ആചരണം.
ഇന്ന് പെസഹാ വ്യാഴം; അന്ത്യ അത്താഴസ്‌മരണയിൽ വിശ്വാസികൾ - പെസഹാ നാൾ
കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പൂർണമായും ജനപങ്കാളിത്തം ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്. കാൽ കഴുകൽ ശുശ്രൂഷയും ഒഴിവാക്കിയിരുന്നു.

പെസഹാ നാളിൽ ക്രിസ്‌തു അസ്വസ്ഥനായതിന് സമാനമായ സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നതെന്ന് പെസഹാ സന്ദേശത്തിൽ കർദിനാൾ ആലഞ്ചേരി പറഞ്ഞു. കൊവിഡ് വ്യാപനമാണ് സമൂഹത്തെ അസ്വസ്ഥമാക്കുന്നത്. വൈറസ് ബാധിതരെ പരിചരിക്കുന്ന ഡോക്‌ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരാണ് യഥാർഥ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നത്. രോഗം നിയന്ത്രിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കും നിയമപാലകർക്കും ആത്മാർഥമായ സഹകരണം നൽകണമെന്നും കർദിനാൾ വിശ്വാസികളോട് ആഹ്വാനം ചെയ്‌തു. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വിശ്വാസികൾക്ക് ചടങ്ങുകൾ ഓൺലൈനായി വീട്ടിലിരുന്ന് കാണാൻ പള്ളിയിൽ സൗകര്യം ഒരുക്കിയിരുന്നു.