എറണാകുളം: കൊച്ചിയിൽ കൊവിഡ് 19 നിരീക്ഷണത്തിലുള്ള വിദേശികളുടെ പരിശോധനം ഫലം ലഭിച്ചയുടനെ തിരിച്ചയക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. രാജ്യാന്തര വിമാന സർവീസുകൾ നിർത്തുന്നതിന് മുമ്പ് പരിശോധനഫലം നെഗറ്റീവായവരെ സ്വദേശത്തേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാത്രിയോടെ ഇവരുടെ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശോധനഫലം നെഗറ്റീവായ വിദേശികളെ തിരിച്ചയക്കാൻ നടപടി - കൊച്ചി കൊവിഡ് 19
രാജ്യാന്തര വിമാന സർവീസുകൾ നിർത്തുന്നതിന് മുമ്പ് പരിശോധനഫലം നെഗറ്റീവായവരെ സ്വദേശത്തേക്ക് അയക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ
ജില്ലയില്‍ 1729 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 23 പേര്‍ ആശുപത്രി നിരീക്ഷണത്തിലുണ്ട്. ഇതിൽ കളമശേരിയിൽ 16, മൂവാറ്റുപുഴയിൽ ഏഴ് പേർ എന്നിങ്ങനെയാണുള്ളത്. ജില്ലയിൽ 21 വിദേശികൾ ഹോം ക്വാറന്‍റൈനിലുണ്ട്. 483 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 428 പേരുടെ ഫലം നെഗറ്റീവാണ്. ജില്ലയിലെ കൊവിഡ് ബാധിതരായ നാല് പേരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. 51 സാമ്പിൾ പരിശോധന ഫലങ്ങൾ ലഭിക്കാനുണ്ട്.
വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരെയും ഹോം ക്വാറന്‍റൈൻ ചെയ്യും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ദിവസേന ഒന്നിലധികം തവണ കൗൺസിലർമാർ സംസാരിക്കും. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രി അധികൃതരെ പങ്കെടുപ്പിച്ച് നാളെ യോഗം ചേരും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയിലുള്ള ആശുപത്രികളെയും സഹകരിപ്പിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന കാര്യത്തിൽ കൊച്ചി കോർപ്പറേഷനെ സഹകരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷന്‍റെ ഭാഗത്ത് വീഴ്‌ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.