എറണാകുളം: കൊവിഡ്-19 ബാധയെന്ന് സംശയിച്ച് ഒരാളെ കളമശ്ശേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മലേഷ്യയില്‍ രണ്ടര വര്‍ഷമായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോൾ ശ്വാസതടസ്സവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.
കൊവിഡ്-19 ബാധയെന്ന് സംശയം; ഒരാളെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ എൻഐവിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല
സംഭവത്തിൽ ജില്ലാ കലക്ടർ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിശദമായ പരിശോധനയില്‍ യുവാവിന്‍റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനെത്തുടര്‍ന്ന് കീറ്റോ അസിഡോസിസ് രോഗാവസ്ഥ ഉള്ളതായി കണ്ടെത്തി.രോഗിക്ക് ശ്വാസതടസ്സവും ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് 17 പേരെ കൂടി നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയെങ്കിലും നിരീക്ഷണ പട്ടികയിൽ നിന്ന് എട്ട് പേരെ ഒഴിവാക്കി. ജില്ലയിൽ നിലവിൽ 28 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്.