എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തവും കഠിനതടവും അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം പോക്സോ കോടതി. ഞാറക്കൽ വെളിയത്താം പറമ്പ് ബീച്ചിൽ വട്ടത്തറ വീട്ടിൽ ബിജു ഫ്രാൻസിസിനെയാണ് (41)എറണാകുളം പോക്സോ കോടതി ജഡ്‌ജി കെ സോമൻ ശിക്ഷ വിധിച്ചത്. പതിനൊന്ന് വയസുകാരിക്ക് തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്‌ത പ്രതിയുടെ ക്രൂരത സമാനതകളില്ലാത്തതാണ് എന്ന് നിരീക്ഷിച്ചാണ് കഠിനമായ ശിക്ഷ നൽകുന്നതെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: 2018 ഓഗസ്‌റ്റ് മാസം മുതൽ 2019 ജനുവ ജനുവരി മാസം വരെയുള്ള കാലയളവിൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതി പെൺകുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പെൺകുട്ടി പീഡന വിവരം പുറത്തറിയിച്ചതോടെയാണ് പെൺകുട്ടിയുടെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തത്.
ഇന്ത്യൻ ശിക്ഷനിയമത്തിലെയും പോക്സോ നിയമത്തിലെയും പത്തോളം വകുപ്പിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നാലു വകുപ്പുകൾ പ്രകാരം ജീവപര്യന്തം കഠിന തടവും മറ്റ് ആറ് വകുപ്പുകളിൽ 15 വർഷം കഠിന തടവും കൂടി വിധിച്ചിട്ടുണ്ട്. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതകാലം മുഴുവൻ എന്നാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.
പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി നിർദേശിച്ചു. പെൺകുട്ടിക്ക് അർഹമായ പരിഹാരം നൽകുന്നതിനായി ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് ശുപാർശയും ചെയ്‌തിട്ടുണ്ട്.
ഈ കേസിൽ അറസ്‌റ്റിൽ ആയതിനു ശേഷം ജയിലിലേക്ക് കഞ്ചാവ് ഓയിൽ കടത്തിയതിന് പ്രതിക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്.