കൊച്ചി:പാലാരിവട്ടം മേല്‍പാലം അഴിമതി കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.ഇബ്രാഹിം കുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകി. ജാമ്യാപേക്ഷ നാളെ വീണ്ടും മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും
ഇബ്രാഹിം കുഞ്ഞിന്‍റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി; ജാമ്യഹര്‍ജി നാളെ പരിഗണിക്കും - പാലാരിവട്ടം പാലം കേസ്
ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
നിലവിൽ ഇബ്രാഹിം കുഞ്ഞ് അർബുദത്തിന് ചികിത്സയിലാണ്. ഈ മാസം 19ാം തിയതി കീമോ തെറാപ്പി ചെയ്തിരുന്നു. അടുത്ത മാസം മൂന്നാം തിയതി വീണ്ടും കീമോ ചെയ്യണം. 33 തവണയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയത്.ആശുപത്രിയിൽ നിന്ന് മാറ്റിയാൽ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേ സമയം ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി മെഡിക്കൽ ബോർഡിൻ്റെ നിർദ്ദേശം തേടി. നാളെ തന്നെ ഡിഎംഒ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകണം.