എറണാകുളം: ഐഎസ്ആർഒ ചാരക്കേസ്(ISRO Spy Case) അട്ടിമറിക്കാൻ നമ്പി നാരായണൻ(Nambi Narayanan) അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി വാങ്ങി നൽകിയെന്ന ആരോപണ (ISRO Spy Case CBI Probe) ഹർജി തള്ളി ഹൈക്കോടതി. നമ്പി നാരായണനും മുൻ സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയായ എസ്.വിജയൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
മുൻ സിബിഐ ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട്ടിൽ ഭൂമി നൽകി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ നമ്പി നാരായണന്‍റെ ഉടമസ്ഥതയിലുള്ള 17 ഏക്കർ ഭൂമി സിബിഐ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും അതിനുള്ള തെളിവുകൾ വിചാരണ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും എസ്.വിജയൻ ഹൈക്കോടതിയെ അറിയിച്ചു. ശാസ്ത്രജ്ഞനും ഏജൻസി ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ വിചാരണ കോടതിയിൽ സമർപ്പിച്ച തെളിവുകൾ പര്യാപതമാണെന്നും വിജയൻ വാദിച്ചു.