കേരളം

kerala

ETV Bharat / state

കൊച്ചി പുറം കടലിലെ ലഹരി വേട്ട : പ്രതിയെ പിടികൂടിയ സ്ഥലത്തിൽ അവ്യക്തത, എൻസിബിക്ക് കോടതിയുടെ വിമർശനം - എൻ സി ബിക്ക് കോടതിയുടെ വിമർശനം

കൊച്ചിയില്‍ പുറം കടലിൽ 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയതിൽ പ്രതിയെ പിടികൂടിയ സ്ഥലത്തിൽ അവ്യക്തത ആരോപിച്ച് എൻസിബിയോട് പുതിയ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു

Court criticizes NCB  NCB  seizure of narcotics in open sea  kochi drunk hunting  narcotics seizure kochi  narcotics seizure indian seas  ലഹരി വേട്ട  കൊച്ചി പുറം കടലിലെ ലഹരി വേട്ട  എൻ സി ബി  എൻ സി ബിക്ക് കോടതിയുടെ വിമർശനം  പ്രതിയെ പിടികൂടിയ സ്ഥലത്തിൽ അവ്യക്തത
ലഹരി വേട്ട

By

Published : May 22, 2023, 6:44 PM IST

എറണാകുളം:കൊച്ചിയില്‍ പുറം കടലിൽ 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ എൻസിബിക്ക് കോടതിയുടെ വിമർശനം. പുറം കടലിലെ ലഹരി വേട്ട കേസിൽ പുതിയ സത്യവാങ്‌മൂലം സമർപ്പിക്കാൻ എൻസിബിക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം നൽകി. പ്രതിയെ പിടികൂടിയതിലെ സ്ഥലം സംബന്ധിച്ച അവ്യക്തതയാണ് ഇത്തരമൊരു നിർദേശത്തിന് കാരണമായത്.

പ്രതി സുബൈറിനെ പിടികൂടിയത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നാണോ എന്നതിൽ വ്യക്തത വേണമെന്ന് കോടതി പറഞ്ഞു. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സത്യവാങ്‌മൂലം സമർപ്പിക്കേണ്ടത്. അതേസമയം പ്രതിയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി. നാളെ രാവിലെ 11 മണിക്ക് പ്രതിയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.

എൻ സി ബിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ഹാജരാകണമെന്നും എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചു. പ്രതി പാകിസ്ഥാൻ പൗരനാണെന്നാണ് എൻ സി ബി പറയുന്നത്. എന്നാൽ താൻ ഇറാൻ പൗരനാണെന്നാണ് പ്രതി കോടതിയിൽ അറിയിച്ചത്. ഓപ്പറേഷൻ സമുദ്രഗുപ്‌തയുടെ ഭാഗമായി എൻ സി ബി നേവിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു വൻ മയക്കുമരുന്ന് ശേഖരവുമായി പാകിസ്ഥാൻ പൗരൻ സുബൈറിനെ പിടികൂടിയത്.

അന്വേഷണം വഴി തെറ്റിക്കാൻ ശ്രമമെന്ന് എൻ സി ബി: ഇയാൾക്കൊപ്പം ഉണ്ടായിരുന്നവർ രക്ഷപ്പെട്ടിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയാനാണ് എൻ സി ബി കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്‌. പ്രതി പാകിസ്ഥാൻ പൗരൻ തന്നെയാണെന്നും ഇറാൻ പൗരനാണെന്ന് വാദിക്കുന്നത് അന്വേഷണം വഴി തെറ്റിക്കാനാണെന്നുമാണ് എൻ സി ബി നിലപാട്. അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘമായ ഹാജി സലിം ഗ്രൂപ്പാണ് വൻതോതിലുള്ള ലഹരി കടത്തിന് പിന്നിലെന്നാണ് എൻ സി ബി വ്യക്തമാക്കിയത്.

രക്ഷപ്പെട്ട മയക്കുമരുന്ന് സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടി നേവിയുടെ പരിശോധനയും തുടരുകയാണ്. ഇവർ മയക്കുമരുന്നുമായി സഞ്ചരിച്ച ബോട്ട് കടലിൽ മുക്കി രക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതോടൊപ്പം കിലോ കണക്കിന് മയക്കുമരുന്ന് സമുദ്രത്തിൽ മുക്കിയെന്നാണ് എൻ സി ബി സംശയിക്കുന്നത്.

അതിർത്തിയിൽ ആശങ്ക :ഈ ബോട്ടിലുള്ളവർ മറ്റൊരു ബോട്ടിൽ കയറി ദ്വീപുകളിലേക്ക് രക്ഷപ്പെട്ടുവെന്നാണ് വിലയിരുത്തൽ. വെള്ളം കയറാത്തതും നശിക്കാത്തതുമായ പാക്കറ്റുകളിലാക്കി കടലിൽ തള്ളിയ മയക്കുമരുന്ന് ഇതേ സംഘം വീണ്ടെടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം കാണുന്നുണ്ട്. മയക്കുമരുന്ന് പിടികൂടിയത് പുറംകടലിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽപ്പെടുന്ന പ്രദേശമാണെങ്കിൽ മാത്രമേ ഇന്ത്യയിലെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ.

ഈയൊരു കാര്യമാണ് അഡീഷണൽ സെഷൻസ് കോടതിയും ചൂണ്ടി കാണിച്ചത്. എൻ സി ബിയും നേവിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടയായിരുന്നു കൊച്ചി പുറം കടലിൽ നടന്നത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിത്. എൻ സി ബിയുടെ പ്രവർത്തനങ്ങൾക്ക് പുറമെ, ശ്രീലങ്കയുമായും മാലിദ്വീപുമായും പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞത്.

കേസിനാസ്‌പദമായ സംഭവം :ഇന്ത്യൻ നാവികസേനയുടെ ഇന്‍റലിജൻസ് വിഭാഗവുമായി സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ മക്രാൻ തീരത്ത് നിന്ന് വൻതോതിൽ മെത്തഫിറ്റമിന്‍ വഹിക്കുന്ന ഒരു 'മദർ ഷിപ്പിന്‍റെ' നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൻ സൂക്ഷ്‌മ നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർച്ചയായ രഹസ്യാന്വേഷണ ശേഖരണത്തിന്‍റെയും വിശകലനത്തിന്‍റെയും ഫലമായി കപ്പൽ നിരോധിത വസ്‌തുക്കൾ വിതരണം ചെയ്യാൻ സാധ്യതയുള്ള ഒരു റൂട്ട് കണ്ടെത്തി.

അതനുസരിച്ച് ഈ വിശദാംശങ്ങൾ ഇന്ത്യൻ നാവികസേനയുമായി പങ്കിടുകയും ഒരു ഇന്ത്യൻ നേവൽ കപ്പൽ സമീപത്ത് വിന്യസിക്കുകയും ചെയ്‌തു. തുടർന്ന് കടലിൽ പോകുന്ന ഒരു വലിയ കപ്പൽ നാവികസേന തടയുകയായിരുന്നു. കപ്പലിൽ നിന്ന് 134 ചാക്ക് മെത്തഫിറ്റമിനും കണ്ടെടുത്തു. കണ്ടെടുത്ത ചാക്കുകൾ, പാകിസ്ഥാൻ പൗരൻ, തടഞ്ഞുനിർത്തിയ ബോട്ട് എന്നിവ കൊച്ചി മട്ടാഞ്ചേരി വാർഫിൽ കൊണ്ടുവന്ന് തുടർ നടപടികൾക്കായി എൻസിബിക്ക് കൈമാറുകയായിരുന്നു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽ പാതയിലൂടെ ഹെറോയിന്‍റെയും മറ്റ് മയക്കുമരുന്നുകളുടെയും കടൽ വഴിയുള്ള കടത്ത് ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടെന്ന് വിലയിരുത്തിയാണ് എൻസിബി ഡയറക്‌ടർ ജനറൽ ഷായുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സമുദ്രഗുപ്‌ത്‌ ആരംഭിച്ചത്. മയക്കുമരുന്ന് കടത്തുന്ന കപ്പലുകൾ തടയുന്നതിന് കാരണമായേക്കാവുന്ന പ്രവർത്തനക്ഷമമായ വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ഓപ്പറേഷന്‍റെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഡിആർഐ പോലുള്ള ഏജൻസികളിൽ നിന്ന് വിവരങ്ങൾ കൈമാറുകയും ശേഖരിക്കുകയും ചെയ്‌തു.

ഓപ്പറേഷനിൽ മയക്കുമരുന്ന് പിടിച്ചെടുക്കാൻ എ.ടി.എസ് ഗുജറാത്ത് ഇന്ത്യൻ നേവിയുടെ ഇന്‍റലിജൻസ് വിംഗ്, എൻ ടി ആർ ഒ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളും സഹകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details