എറണാകുളം: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട സ്വകാര്യ സംഘടനയുടെ പുതിയ ഹർജിയിൽ കോടതി വിമർശനം. നേരത്തെ, ക്രിസ്ത്യൻ അസോസിയേഷൻ ആന്‍റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ സംഘടന നൽകിയ ഹർജിയിലെ സാങ്കേതിക പിഴവ് കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഹർജിക്കാർ തന്നെ വ്യാഴാഴ്‌ച ഹർജി പിൻവലിച്ചിരുന്നു. എന്നാൽ, ഇവർ പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചതോടെ കോടതി വിമർശനമുന്നയിച്ചു. ഹർജി തള്ളേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയതോടെ പിൻവലിക്കുകയാണെന്ന് ഹർജിക്കാർ അറിയിക്കുകയുമായിരുന്നു.എന്തടിസ്ഥാനത്തിലാണ് ഹർജിക്കാർ ഈ വിഷയത്തിൽ ഇടപെടുന്നതെന്ന് കോടതി ചോദിച്ചു. പ്രശസ്തിക്ക് വേണ്ടിയല്ലേ ഹർജി സമർപ്പിച്ചതെന്നും കോടതി വിമർശിച്ചു.
ജസ്നയുടെ തിരോധാനം; സ്വകാര്യ സംഘടനയുടെ പുതിയ ഹർജിയിൽ കോടതി വിമർശനം - സ്വകാര്യ സംഘടനയുടെ പുതിയ ഹർജിയിൽ കോടതി വിമർശനം വാർത്ത
ക്രിസ്ത്യൻ അസോസിയേഷൻ ആന്‍റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയിലെ സാങ്കേതിക പിഴവ് കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഹർജിക്കാർ തന്നെ വ്യാഴാഴ്‌ച ഹർജി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹർജിയുമായി ഇവർ കോടതിയെ സമീപിച്ചത്.
രണ്ട് വർഷം മുൻപ് കാണാതായ ജസ്‌നയെ കണ്ടെത്തി ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സംസ്ഥാന പൊലീസ് മേധാവി, ജസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്പി കെ.ജി സൈമൺ, മുൻ ക്രൈബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജസ്നയെ കുറിച്ച് വിവരങ്ങൾ ലഭിച്ചുവെന്നും ഇത് അന്വേഷണം നടക്കുന്ന വേളയിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും കെ.ജി സൈമൺ വെളിപ്പെടുത്തിയെന്നും ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ജസ്നയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. പിതാവ് കുന്നത്തുവീട്ടിൽ ജയിംസ് വെച്ചൂച്ചിറ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ജസ്നയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.