എറണാകുളം :ജില്ല കലക്‌ടറേറ്റ് ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്‌തി ചെയ്‌തു. കടമക്കുടി സ്വദേശി സാജുവിന്‍റെ പരാതിയിൽ എറണാകുളം മുൻസിഫ് കോടതിയാണ് ജപ്‌തി ഉത്തരവ് ഇറക്കിയത്. പ്രളയ ദുരിതാശ്വാസ തുക നൽകാൻ വൈകിയതിനെ തുടർന്നാണ് സാജു കോടതിയെ സമീപിച്ചത്.
ദുരിതാശ്വാസ തുക നൽകിയില്ല ; എറണാകുളം കലക്‌ടറേറ്റിലെ വാഹനം ജപ്‌തി ചെയ്‌ത് കോടതി
കടമക്കുടി സ്വദേശിയുടെ പരാതിയിലാണ് എറണാകുളം കലക്‌ടറേറ്റിലെ വാഹനം ജപ്‌തി ചെയ്യാന്‍ മുൻസിഫ് കോടതി ഉത്തരവിട്ടത്
പരാതിക്കാരന്‍റെ അപേക്ഷയിൽ ലോക് അദാലത്തിൽ രണ്ട് ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി നൽകാൻ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ സഹായം ലഭിക്കാത്തതിനെ തുടർന്നാണ് സാജു മുൻസിഫ് കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രി ഒപ്പിടാത്തതിനെ തുടർന്നാണ് സഹായം വൈകുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി കോടതിയെ അറിയിച്ചിരുന്നു. ഈ വിശദീകരണം തളളിയാണ് മുൻസിഫ് കോടതി തുക ഈടാക്കുന്നതിന്‍റെ ഭാഗമായി ജപ്‌തി നടപടികളിലേക്ക് കടന്നത്.
സംസ്ഥാന സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ജില്ല ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്ന കെഎൽ ഏഴ് സിഎ 8182 ബൊലേറോ ജീപ്പ് ജപ്‌തി ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ ഒന്നിനകം റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതേതുടർന്ന് ഉദ്യോഗസ്ഥരെത്തി വാഹനത്തിൽ ജപ്‌തി നോട്ടിസ് പതിച്ചു.