എറണാകുളം:ആമ്പൽ ചെടികൾ നട്ടു വളർത്തി നേട്ടം കൊയ്യുകയാണ് കോതമംഗലം സ്വദേശികളായ ദമ്പതികൾ. പിണ്ടിമന കാവുംപടി പരണാംകുന്നേൽ അശോകനും ഭാര്യ ഷീജയുമാണ് ആമ്പല്‍ ചെടികൾ വളർത്തി ശ്രദ്ധേയരാകുന്നത്. ആമ്പല്‍ ചെടികളുടെ സൗന്ദര്യം ആസ്വദിക്കാനും പഠിക്കാനും നിരവധി പേരാണ് ഇവരുടെ വീട്ടിലെത്തുന്നത്.
ഇവിടെ ആമ്പലുകൾ പകലും വിരിയും... നേട്ടം കൊയ്ത് ദമ്പതികൾ ഫോട്ടോഗ്രാഫറായ അശോകനും വീട്ടമ്മയായ ഷീജയും ചേർന്നാണ് മുറ്റത്തും തൊടിയിലും ആയി തയ്യാറാക്കിയ ആമ്പൽ പൊയ്കകളിൽ വൈവിധ്യമാർന്ന അലങ്കാര ജലസസ്യങ്ങൾ പരിചരിക്കുന്നത്. 15 സെന്റിൽ ആണ് ഇവരുടെ ആമ്പൽ കൃഷി പൂത്തുലയുന്നത്. അറുപതോളം ഇനങ്ങളാണ് ഉദ്യാനത്തിൽ വളരുന്നത്. നാട്ടുമ്പുറത്തെ കുളങ്ങളിൽ കാണുന്ന ആമ്പൽ ഇനങ്ങൾ സാധാരണ രാത്രി വിരിഞ്ഞ് പകൽ കൂമ്പുന്നവയാണ്. എന്നാൽ ഈ വീട്ടുമുറ്റത്തെ സങ്കരയിനം ആമ്പലുകൾ പകൽ വിടർന്ന് രാത്രിയിൽ ആണ് കൂമ്പുന്നത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് അലങ്കാര പൊയ്കകളിൽ പ്രഥമസ്ഥാനം നൽകി വരുന്നു.
വൈവിധ്യമാർന്ന സങ്കര ആമ്പലിനങ്ങൾ കാണാനും വാങ്ങാനും നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. ഓൺലൈൻ വഴിയാണ് കൂടുതലും വിറ്റഴിക്കുന്നത്.നനഞ്ഞ തുണിയും ന്യൂസ് പേപ്പറും ഉപയോഗിച്ച് നന്നായി പായ്ക്ക് ചെയ്താണ് ആവശ്യക്കാർക്ക് കൊറിയർ അയക്കുന്നത്. മണ്ണും ചാണകപ്പൊടിയും എല്ലുപൊടിയും ചേർന്ന നടീൽ മിശ്രിതം ചട്ടിയിൽ നിറച്ച് അതിൽ തൈ നട്ടു ഇലകൾ വലിപ്പം ആകുന്നതോടെ ടാങ്കിലെ വെള്ളത്തിനടിയിലേക്ക് ചട്ടി താഴ്ത്തി വച്ചാണ് ആമ്പൽച്ചെടികൾ പരിചരിക്കുന്നത്.
അശോകന്റെ ആമ്പൽ ചെടികളെ കുറിച്ച് പഠിക്കാനും നിരവധിപ്പേർ ഇവിടെ എത്തുന്നുണ്ട്. ആമ്പൽ കൃഷി പരിപാലനത്തെ കുറിച്ച് അശോകൻ വീട്ടിലെത്തുന്നവർക്ക് പരിശീലന ക്ലാസും നൽകുന്നുണ്ട്. ആമ്പൽ കൃഷിയിലേക്ക് കടന്നു വരുന്നവർക്ക് റെയിൻ ഷെൽട്ടറും, കുളവും ഒരുക്കാനുള്ള സഹായം കൃഷി വകുപ്പ് വഴി ലഭ്യമാക്കുമെന്ന് കൃഷി അധികൃതർ അറിയിച്ചു.