എറണാകുളം:ദത്തെടുത്ത മകൾക്ക് തങ്ങളോടൊത്ത് ജീവിക്കാനാകുന്നില്ല, ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി (couple approach kerala hc petition to cancel adopting Girl). തിരുവനന്തപുരം സ്വദേശികൾ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിയെ നേരിൽ കണ്ടതിനു ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.
പഞ്ചാബ് സർക്കാരിന്റെ കീഴിലുള്ള നിഷ്കാം സേവാശ്രമത്തിൽ നിന്നും 2018 ഫെബ്രുവരിയിലാണ് നിയമപ്രകാരം ദമ്പതികൾ കുട്ടിയെ ദത്തെടുക്കുന്നത്. 2017 ൽ മകൻ കാറപകടത്തിൽ മരണപ്പെട്ടതിന്റെ വിഷമം മറികടക്കാനായിരുന്നു ദത്തെടുക്കൽ. എന്നാൽ ദമ്പതികളുടെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതായതോടെ കുട്ടിയെ 2022 ൽ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി.
ദത്തെടുക്കുന്ന സമയം കുട്ടിക്ക് 13 വയസ്സായിരുന്നു പ്രായം. നിലവിൽ പ്രായപൂർത്തിയായ പെൺകുട്ടി തിരുവനന്തപുരം സ്വാദർ ഹോമിലാണ് താമസിക്കുന്നത്. തനിക്കൊപ്പം താമസിക്കാൻ രക്ഷിതാക്കൾക്ക് താൽപ്പര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞതായാണ് സർക്കാർ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചത്.
ALSO READ:ലോക ദത്തെടുക്കൽ ദിനം: ഇവർക്ക് വേണം സ്നേഹ വീടുകൾ
ഇതോടെയാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള കോടതി നിർദേശം. ദത്തെടുത്ത നടപടി റദ്ദാക്കി പഞ്ചാബിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും 2017 ലെ ദത്തെടുക്കൽ ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് 2022 ഡിസംബർ12 നു ഹർജി തീർപ്പാക്കുകയായിരുന്നു.