എറണാകുളം:കൊച്ചി മേയര്‍ സൗമിനി ജെയിനെതിരായ അഴിമതിയാരോപണം അന്വേഷിക്കാൻ സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റിങ് സംഘം ഇന്ന് കൊച്ചി കോർപ്പറേഷനിലെത്തും. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം.
കൊച്ചി മേയര്‍ക്കെതിരായ അഴിമതിയാരോപണം; അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍
ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം.
കൊച്ചി നഗരസഭ തുരുത്തി കോളനിയിൽ ഭവനരഹിതർക്കായി പാർപ്പിട സമുച്ചയം പണിയുന്നതുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതി അന്വേഷിക്കാനാണ് സംഘം എത്തുന്നത്. കൊച്ചിൻ കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ തുരുത്തി കോളനിയിൽ 198 ഭവനരഹിതർക്കായി ആവിഷ്‌കരിച്ച ഭവന പദ്ധതിയുമായി ബന്ധപെട്ടാണ് ക്രമക്കേട് ആരോപണം. രാജീവ് ആവാസ് യോജന പദ്ധതിയിലാണ് ഫ്ളാറ്റ് ഭവന സമുച്ചയ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2017 ഫെബ്രുവരിയിൽ ആരംഭിച്ച് 2019 ഫെബ്രുവരിയിൽ പണി പൂർത്തികരിക്കുന്നതിനായി പതിനെട്ട് കോടി അൻപത്തിയൊൻപത് ലക്ഷം രൂപയ്ക്ക് സിറ്റ്‌കോ അസോസിയേറ്റ്സ് എന്ന കമ്പനിയെയാണ് കരാർ ഏൽപ്പിച്ചത്. കാലാവധി കഴിഞ്ഞപ്പോൾ ഗ്രൗണ്ട് ഫ്ളോറിന്‍റെ തട്ടും ഒന്നാം നിലയുടെ ഭാഗിക പ്രവർത്തനവും മാത്രം പൂർത്തിയാക്കിയ കരാറുകാരന് പണി തൃപ്‌തികരമായ രീതിയിൽ പൂർത്തികരിച്ചാൽ മാത്രം തിരികെ നൽകേണ്ട സെക്യൂരിറ്റി തുകയായ 9128875 രൂപ കൗൺസിലിന്‍റെ അംഗീകാരമില്ലാതെ മേയർ മൂൻകൂറായി നൽകുകയുണ്ടായി.
ഈ വിഷയം അംഗീകാരത്തിനായി ഓഗസ്റ്റ് 26ലെ കൗൺസിലിലെ അജണ്ടയായി വന്നതിനെത്തുടർന്ന് ശക്തമായ എതിർപ്പ് പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ഉയർന്നു വന്നു. അജണ്ടയിൽ യു.ഡി.എഫിന്‍റെ ഏഴ് കൗൺസിലർമാരും വിയോജിപ്പ് രേഖപ്പെടുത്തി. നിയമവിരുദ്ധമായി സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകിയ വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ കൗൺസിലർമാർ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന് നൽകിയ പരാതിയെത്തുടർന്നാണ് സംസ്ഥാന പെർഫോമൻസ് ഓഡിറ്റിങ്ങ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി ഇന്ന് നഗരസഭ ഓഫീസിൽ എത്തുന്നത്.