എറണാകുളം:സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന എക്സ്പോ 2022 ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉജ്ജ്വല തുടക്കം. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരുടെ ചെണ്ട മേളത്തോടെയാണ് 'ഒരുമയുടെ പൂരം' എന്ന് പേരിട്ടിരിക്കുന്ന സഹകരണ എക്‌സ്‌പോയ്‌ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനകർമം ഓൺലൈനായി നിർവഹിച്ചു.
'സഹകരണ മേഖല കരുത്തോടെ മുന്നേറുന്നു':സഹകരണ മേഖലയ്ക്ക് എതിരായ നീക്കങ്ങളെ അതിജീവിച്ചത് കേരളത്തിലെ സഹകാരികളുടെ യോജിച്ചുനിന്നുള്ള ചെറുത്തുനിലപ്പ് കൊണ്ടാണെന് മുഖ്യമന്ത്രി പറഞ്ഞു. ജനനം മുതല്‍ മരണംവരെ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും സഹകരണ സംഘങ്ങള്‍ സഹായവുമായി സജീവമാണ്. അതുകൊണ്ടുതന്നെ എല്ലാമേഖലയില്‍ നിന്നും സഹകരണ സംഘങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുന്നു.
കേരളത്തില്‍ മാറി വന്ന സര്‍ക്കാരുകള്‍ സഹകരണ മേഖലയെ സംരക്ഷിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. ഈ സര്‍ക്കാരും അതേ നിലപാടുതന്നെയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്‌ത മേഖലകളിലും കരുത്ത് തെളിയിച്ച് മുന്നേറുകയാണ് കേരളത്തിലെ സഹകരണ മേഖലയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
'മുപ്പതോളം മേഖലയില്‍ സഹകരണ സംരംഭം':കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ മൊബൈല്‍ ഫോണും ടാബും വാങ്ങുന്നതിനായി പലിശ രഹിത വായ്‌പ നല്‍കി. കുടുംബശ്രീ മുഖേന മുറ്റത്തെ മുല്ല പദ്ധതി പ്രകാരം വായ്‌പകള്‍ അനുവദിച്ചു. യുവാക്കളെ ആകര്‍ഷിക്കുന്നതിന് മുപ്പതോളം മേഖലയില്‍ സഹകരണ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു.