എറണാകുളം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞത്തെ സംഘർഷം സംബന്ധിച്ച് പൊലീസ് ഇന്നലെ കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പോലീസിന്‍റെ സത്യവാങ്മൂലം.
പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞു. ഫാ.യൂജിൻ പെരേര അടക്കമുള്ള വൈദികരുടെ നേതൃത്വത്തിൽ 500ഓളം പേർ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറി. സംഘർഷത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം സംഭവിച്ചു.
അക്രമത്തിൽ 64ഓളം പൊലീസുകാർക്കും പരിക്കേറ്റു. പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ എത്തിയ ആംബുലൻസുകളടക്കം സമരക്കാർ തടഞ്ഞു. അക്രമത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
വൈദികരടക്കം 3000ത്തോളം പേരാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ആറ് പൊലീസ് വാഹനങ്ങളും സമരക്കാർ നശിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ പൊലീസ് പറഞ്ഞിരുന്നു. വിഴിഞ്ഞത്ത് പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് അദാനി ഗ്രൂപ്പിന്‍റെയും കരാർ കമ്പനിയുടെയും ഹർജികൾ.
തുറമുഖ നിർമാണ പ്രദേശത്തേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ടായിരുന്നു വിഴിഞ്ഞത്ത് സംഘർഷമുണ്ടായത്.