എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്‌ച ഹർജി പരിഗണിച്ച വേളയിൽ ഹർജിക്കാരന്‍റെ ആവശ്യം പരിഗണിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് പ്രതിയായ ദിലീപിന്‍റെ വീട്ടിലും, സഹോദരന്‍റെ വീട്ടിലും, സിനിമ നിർമ്മാണ കമ്പനിയായ ഗ്രാന്‍റ് പ്രൊഡക്ഷൻസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്‌ച നടത്തിയ പരിശോധന വിവരങ്ങളും പൊലീസ് കോടതിയെ അറിയിക്കും.
ഈ കേസ് അപഹാസ്യമാണന്നും നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണെന്നുമാണ് ഹർജിക്കാരന്‍റെ വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്‌തരിക്കുന്നത് വൈകിക്കുകയാണ് പുതിയ കേസിന്‍റെ ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വൈരാഗ്യം കാരണമാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്‌തതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.