എറണാകുളം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്‌ച ഏഴ് മണിക്കൂറോളമാണ് സ്വപ്‌നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തത്. സ്വപ്‌ന നൽകിയ മൊഴികൾ വിശകലനം ചെയ്‌ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക.
അതേസമയം സ്വപ്‌ന ക്രൈംബ്രാഞ്ചിന് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതായാണ് സൂചന. സർക്കാർ തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും അതിന്‍റെ തെളിവാണ് ഗൂഢാലോചന കേസെന്നുമാണ് സ്വപ്‌നയുടെ വിമർശനം. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയ പൊലീസ് പിന്നീടത് ജാമ്യമില്ലാവകുപ്പുകളിലേക്ക് മാറ്റിയത് ഇതിന് ഉദാഹരണമാണെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.
ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വപ്‌ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. തുടർന്നായിരുന്നു കോടതി രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഇതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭാര്യ കമല, മുൻ മന്ത്രി കെ.ടി ജലീൽ എന്നിവര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ചിരുന്നു.
ALSO READ:സ്വര്‍ണക്കടത്ത് കേസ്; രഹസ്യമൊഴി പൊതുരേഖയാണോ? അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് കെ.ടി ജലീൽ നൽകിയ പരാതിയിലാണ് കന്‍റോൺമെന്‍റ് പൊലീസ് ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സരിത എസ് നായരുൾപ്പടെയുള്ളവരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിരുന്നു. സ്വപ്‌നയുടെ സുഹൃത്തുക്കളായ ഷാജ് കിരൺ, ഇബ്രാഹിം എന്നിവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു.