കേരളം

kerala

ETV Bharat / state

വൈപ്പിനില്‍ നിന്നുളള ബസുകളുടെ കൊച്ചി നഗരപ്രവേശം; അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം

വൈപ്പിന്‍ ദ്വീപ് നിവാസികളോടുള്ള അനീതിയാണ് ഇവിടെ നിന്നും ഗോശ്രീ പാലം വഴി എത്തുന്ന ബസുകള്‍ക്ക് കൊച്ചി നഗരത്തില്‍ പ്രവേശനം അനുവദിക്കാത്തത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. വിഷയത്തില്‍ ഹൈബി ഈഡന്‍ നടത്തുന്ന 24 മണിക്കൂര്‍ നിരാഹര സമരം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്‌തു

By

Published : Jan 10, 2023, 8:42 PM IST

congress protest on Vypin transport woes  വൈപ്പിനില്‍ നിന്നും ഗോശ്രീ പാലം  ഗോശ്രീ പാലം  വൈപ്പിനില്‍ നിന്നുള്ള ബസുകളുടെ പ്രശ്‌നം  buses plying from Vypin issue  congress Vypin protest  കോണ്‍ഗ്രസ് വൈപ്പിന്‍ ബസ് പ്രതിഷേധം
കോണ്‍ഗ്രസിന്‍റെ വൈപ്പിന്‍ ബസ് പ്രതിഷേധം

വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ക്ക് കൊച്ചി നഗരത്തില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

എറണാകുളം: വൈപ്പിനിൽ നിന്നും ഗോശ്രീ പാലം വഴി എത്തുന്ന ബസുകൾക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം തുടങ്ങി. എറണാകുളം എം.പി ഹൈബി ഈഡൻ നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്‌തു. റോഡും പാലങ്ങളും ഉണ്ടായിട്ടും വൈപ്പിൻ ദ്വീപ് ജനതയ്ക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലന്ന് അദ്ദേഹം പറഞ്ഞു.

ഇത് സംസ്ഥാന-ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടണം. കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ ഇങ്ങനെ സംഭവിക്കുന്നുവെന്ന് ലോകമറിയണമെന്നും കെ.മുരളീധരൻ പറഞ്ഞു. വൈപ്പിൻ ബസുകൾക്ക് നഗരത്തിൽ പ്രവേശനം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്‍റെ തുടക്കം മാത്രമാണ് ഈ സമരമെന്ന് നിരാഹാരമനുഷ്‌ഠിക്കുന്ന ഹൈബി ഈഡൻ എം.പി പറഞ്ഞു.

ഈ വിഷയത്തിൽ സർക്കാർ സാങ്കേതികത്വം ഒഴിവാക്കി ജനങ്ങൾക്ക് അനുകൂലമായ തീരുമാനം എടുക്കണം. നാറ്റ്പാക്കിന്‍റെ പഠനത്തിൽ വ്യക്തമാക്കിയത് പോലെ വൈപ്പിനിൽ നിന്നുള്ള ബസുകൾക്ക് നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

അതേസമയം വരുന്ന തെരെഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ മത്സരിക്കും അതെവിടെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്‌ച രാവിലെ പത്ത് മണിയോടെയാണ് വൈപ്പിൻ കാളമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച നിരാഹാര സമരം സമാപിക്കുക. ശശി തരൂർ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും സമര പന്തലിലെത്തും.

ABOUT THE AUTHOR

...view details