എറണാകുളം:ബിപിസിഎൽ സ്വകാര്യവൽകരണത്തിനെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ലോങ് മാർച്ച് സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കി. രാവിലെ എട്ടരയോടെ തൃപ്പൂണിത്തുറ പേട്ട ജങ്ഷനില്‍ നിന്നും ആരംഭിച്ച ലോങ് മാർച്ചിൽ നിരവധി നേതാക്കളും ബിപിസിഎല്ലിലെ തൊഴിലാളികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. അമ്പലമുകളിലെ റിഫൈനറി ആസ്ഥാനം വരെയാണ് മാര്‍ച്ച് നടത്തിയത്.
ബിപിസിഎൽ സ്വകാര്യവല്‍കരണം; പ്രതിഷേധവുമായി കോണ്‍ഗ്രസ് - latest malayalm news updates
ഏഴര ലക്ഷം ആസ്തിയുള്ള ബിപിസിഎൽ കമ്പനി 56,000 കോടിക്ക് വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു

ഏഴര ലക്ഷം ആസ്തിയുള്ള ബിപിസിഎൽ കമ്പനി 56,000 കോടിക്ക് വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ തീരുമാനങ്ങൾക്കെതിരെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ബിപിസിഎൽ റിലയൻസിന് വിൽക്കാനുള്ള തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മോദിയുടെ അമേരിക്ക സന്ദർശനത്തിനിടയിൽ തന്നെ നടന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. ലോങ് മാര്‍ച്ച് രണ്ട് മണിക്കൂറോളം നീണ്ടു. മുന്നോട്ടുള്ള സമരപരിപാടികൾക്ക് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.