എറണാകുളം : ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുപ്പുകളുമായി കോണ്‍ഗ്രസ്. 20 ല്‍ 20 സീറ്റും പിടിച്ചെടുക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്‌ട്രീയ കാര്യ സമിതിയില്‍ തീരുമാനമായി. അഞ്ച് മാസത്തിനുശേഷമാണ് ഇന്നലെ കെപിസിസിയുടെ രാഷ്‌ട്രീയ കാര്യ സമിതി യോഗം കൊച്ചിയില്‍ ചേര്‍ന്നത്. മുന്‍കൂട്ടി അറിയിക്കാതെ ശശി തരൂര്‍ കേരളത്തിലെ രാഷ്‌ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടും യോഗത്തില്‍ ചര്‍ച്ച നടന്നതായി കെ മുരളീധരന്‍ എംപി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലക്ഷ്യം 20 സീറ്റ് ; കരുക്കള്‍ നീക്കാന്‍ കോണ്‍ഗ്രസ്, തീരുമാനം കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ - മുല്ലപ്പള്ളി രാമചന്ദ്രൻ
മുന്‍കൂട്ടി അറിയിക്കാതെ ശശി തരൂര്‍ കേരളത്തിലെ രാഷ്‌ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടും കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി ചര്‍ച്ച ചെയ്‌തതായി കെ മുരളീധരന്‍ എംപി
പാർട്ടിയിൽ ആർക്കും വിലക്കില്ലെന്നും ശശി തരൂരിന്‍റെ പരിപാടികൾ അതത് ജില്ല കോൺഗ്രസ് കമ്മിറ്റികളെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് എംപി ശശി തരൂരിന്‍റെ സമീപകാല മലബാർ പര്യടനം ഒരുവിഭാഗം നേതാക്കളില്‍ അതൃപ്‌തി ഉണ്ടാക്കിയിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തരൂരിന്‍റെ പരിപാടികളിൽ നിന്ന് വിട്ടുനിന്നു.
അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി മുൻ അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ എന്നിവർ രാഷ്ട്രീയകാര്യ സമിതി യോഗത്തിനെത്തിയില്ല.