എറണാകുളം: അന്തരിച്ച കോൺഗ്രസ് നേതാവും എംഎല്‍എയുമായ പി.ടി തോമസിന്‍റെ സംസ്‌കാരം (PT Thomas funeral ceremony) ഇന്ന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കൊച്ചി രവിപുരം പൊതു ശ്‌മശാനത്തിൽ സംസ്‌കരിക്കും. വൈകുന്നേരം അഞ്ചര മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചത്.
പുലർച്ചെ 6.30 ഓടെ കൊച്ചിയിലെത്തിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ രാവിലെ പത്ത് മണിക്ക് ശേഷം മാത്രമായിരിക്കും ഇടുക്കിയിലെ പൊതു ദർശനങ്ങൾ കഴിഞ്ഞ് മൃതദേഹം എത്തിക്കുക. കൊച്ചിയിൽ പാലാരിവട്ടത്തെ പി.ടിയുടെ വീട്ടിലാണ് ആദ്യം മൃതദേഹം എത്തിക്കുന്നത്.
തുടർന്ന് എറണാകുളം ടൗൺഹാളിൽ പൊതു ദർശനത്തിന് വെക്കും. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കള്‍ ഇവിടെയെത്തിയാവും പി.ടിക്ക് അന്തിമോപചാരം അർപ്പിക്കുക. മരണാന്തരം മതപരമായ ചടങ്ങുകൾ വേണ്ടെന്ന് പി.ടി തോമസ് തീരുമാനിക്കുകയും ഏറ്റവും അടുത്ത സുഹൃത്തുക്കളോട് ഇത് അറിയിക്കുകയും ചെയ്തിരുന്നു.