എറണാകുളം: അഞ്ച് തവണ മത്സരിച്ചവരാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനമെന്ന് മുതിര്‍ന്ന നേതാവ് പി.സി ചാക്കോ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അഞ്ച് തവണ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് തീരുമാനമെന്ന് പി.സി ചാക്കോ - പി.സി ചാക്കോ വാര്‍ത്തകള്‍
രണ്ട് ദിവസത്തിനകം സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും പി.സി ചാക്കോ
40 വയസിൽ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാർഥികളെന്ന് നിര്‍ദേശമുണ്ട്. രണ്ട് ദിവസത്തിനകം സ്ഥാനാർഥികളെ തീരുമാനിക്കും. സീറ്റ് വിഭജന ചർച്ച ഇന്ന് അവസാനിക്കും. ഇരുപത് ശതമാനം വനിതാ സ്ഥാനാർഥികൾ ഉണ്ടാവണമെന്നും നിര്‍ദേശമുണ്ട്. തോറ്റാലും ജയിച്ചാലും അഞ്ച് തവണ മത്സരിച്ചവർ മാറി നിൽക്കണം. കഴിഞ്ഞ തവണ ഏഴ് വനിതകൾ മാത്രമാണ് മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്ക് മാത്രമാണ് അഞ്ച് തവണയിൽ ഇളവ് നൽകിയത്. ഇത് പാലിച്ചില്ലെങ്കിൽ പാർട്ടിയ്ക്കകത്ത് വലിയ വിമർശനമുണ്ടാകുമെന്നും മറ്റ് മുതിർന്ന നേതാക്കൾ ആരായാലും ഈ നിബന്ധന ബാധകമാവുമെന്നും പി.സി ചാക്കോ വ്യക്തമാക്കി. കെ. ബാബു, കെ.സി ജോസഫ്, തിരുവഞ്ചൂർ എന്നിവരൊക്കെ സ്വയം മനസിലാക്കും എന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പുകൾ ഉണ്ടെന്നത് യാഥാർഥ്യമാണ്. പക്ഷേ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെപ്പുണ്ടാകില്ലെന്നും പി.സി ചാക്കോ എറണാകുളത്ത് പറഞ്ഞു.