എറണാകുളം: ഭാരത് പെട്രോളിയം കോർപ്പറേഷൻ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തുന്ന സമരത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും. ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കേരളം ഒന്നിച്ച് എതിർത്തു തോൽപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എം പി പറഞ്ഞു.
ബിപിസിഎൽ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കോൺഗ്രസ് - ബിപിസിഎൽ സ്വകാര്യവൽക്കരണം
കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തുന്ന സമരത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും.
ബിപിസിഎൽ വിൽക്കണമെങ്കിൽ പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും അംഗീകാരം വേണം. എന്നാൽ കേന്ദ്രസർക്കാർ അതിന് തയ്യാറാകാതെ ഏകപക്ഷീയമായി മുന്നോട്ടുപോവുകയാണ്. പാർലമെൻറ് ചർച്ച ചെയ്യണമെന്ന സുപ്രീംകോടതി വിധി പോലും മാനിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെയും ഇങ്ങനെയൊരു കച്ചവടം ഉണ്ടായിട്ടില്ലെന്നും കേന്ദ്രസർക്കാർ രാജ്യത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്താനായി ഒന്നും ചെയ്യുന്നില്ലെന്നും ബെന്നി ബഹനാൻ എം പി കൂട്ടിച്ചേര്‍ത്തു.
തീരുമാനത്തെ സംസ്ഥാന സർക്കാർ നിയമപരമായി നേരിടണം. ബിപിസിഎൽ ഓഹരി ഉടമകൾ എന്ന നിലയിൽ സംസ്ഥാന സർക്കാരിനും എല്ലാവർഷവും നല്ലൊരു തുക ലാഭവിഹിതം കിട്ടുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് കൊച്ചിയിലെ ബിപിസിഎൽ റിഫൈനറിയിൽ നടന്നുവരുന്നത്. അതെല്ലാം സ്വകാര്യ കുത്തകകൾക്ക് അടിയറ വയ്ക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഉടന്‍ വിഷയത്തിൽ ഇടപെടണമെന്നും ഹൈബി ഈഡൻ എംപി വ്യക്തമാക്കി. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഡിസിസി പ്രസിഡൻറ് ടി ജെ വിനോദ് എംഎൽഎ, വി പി സജീന്ദ്രൻ എംഎൽഎ എന്നിവരും പങ്കെടുത്തു.