എറണാകുളം: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിക്ക് സമീപം യാക്കോബായ വിശ്വാസികളെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസില്‍ ഓർത്തഡോക്‌സ് വൈദികനായ തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിഷേധ റാലി സംഘടിപ്പിച്ചു. രാവിലെ നടന്ന കുര്‍ബാനക്ക് ശേഷം പതിനൊന്ന് മണിയോടെ ചെറിയ പളളിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ടൗൺ ചുറ്റി പളളിയിൽ സമാപിച്ചു. നൂറുകണക്കിന് വിശ്വാസികൾ റാലിയിൽ പങ്കെടുത്തു.
വിശ്വാസികളെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യാക്കോബായ സഭയുടെ പ്രതിഷേധം - Conflict in the small church
സഭയിലെ മെത്രാപൊലീത്തമാരും വൈദികരും ആയിരകണക്കിന് വിശ്വാസികളും പ്രതിഷേധറാലിയിൽ പങ്കെടുത്തു

പ്രദക്ഷിണത്തിന് പോകാൻ കോതമംഗലം ചെറിയപള്ളി മുറ്റത്തുനിന്ന വിശ്വാസികളുടെ ഇടയിലേക്ക് റമ്പാന്‍ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യെൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം പൊളിച്ചുനീക്കി തിരുശേഷിപ്പ് ചക്കാലക്കുടി ചാപ്പലിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യാക്കോബായ പക്ഷത്തിലെ നാലുപേർക്കും ഓർത്തഡോക്സ് വിഭാഗത്തിലെ അഞ്ചുപേർക്കും മൂന്ന് പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. റമ്പാൻ സഞ്ചരിച്ച കാറും യാക്കോബായ വിഭാഗം അടിച്ച് തകർത്തിരുന്നു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
സഭയിൽ അരുതാത്ത രീതിയിലുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെന്നും അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിലുള്ള പള്ളികളുടെ സ്ഥാപനങ്ങള്‍ ഓർത്തഡോക്സ് സിംഹാസനത്തിന്‍റെ കീഴിൽ സ്ഥാപിക്കാനുള്ള ദുഷ്പ്രവണത നടക്കുന്നുണ്ടെന്നും ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. വിശ്വാസികളുടെ ഇടയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം അപലപനീയമാണെന്നും ബാവ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ബാവ മാധ്യമങ്ങളോട് സംസാരിച്ചത്. തിരുശേഷിപ്പുമായി ബന്ധപ്പെട്ട് തന്‍റെ അധികാരപരിധിയിലുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബാവാ കൂട്ടി ചേർത്തു.