കേരളം

kerala

ETV Bharat / state

കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം - Conflict in Kothamangalam smal church

പള്ളിയിലെത്തിയ ഓർത്തഡോക്സ് സഭ സഭ വികാരി തോമസ് പോള്‍ റമ്പാന്‍റെ കാര്‍ യാക്കോബായ വിഭാഗം തല്ലിത്തകര്‍ത്തു. സംഭവത്തില്‍ കോതമംഗലം എസ്.ഐ. അടക്കം 10 പേർക്ക് പരിക്ക്

kothamangalam church

By

Published : Sep 19, 2019, 11:44 PM IST

എറണാകുളം: കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം. പളളിയിലെത്തിയ ഓർത്തഡോക്സ് സഭ വികാരി തോമസ് പോള്‍ റമ്പാന്‍റെ കാര്‍ യാക്കോബായ വിഭാഗം തല്ലിത്തകര്‍ത്തു. സംഭവത്തില്‍ കോതമംഗലം എസ്.ഐ. അടക്കം 10 പേർക്ക് പരിക്കേറ്റു. ഏകപക്ഷിയമായ രീതിയിൽ ബസേലിയോസ് ബാവയുടെ കബറിടത്തിലെ തിരുശേഷിപ്പുകള്‍ നീക്കം ചെയ്യാനുള്ള ശ്രമമാണ് യാക്കോബായ പക്ഷം നടത്തിയത് എന്ന് തോമസ് പോൾ റമ്പാൻ ആരോപിച്ചു. ഈ നീക്കത്തിനെതിരെ ആർ.ഡി.ഒ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തോമസ് പോൾ റമ്പാൻ വാഹനം പള്ളിക്കകത്തേക്ക് വേഗത്തില്‍ ഓടിച്ച് കയറ്റുകയും മുറ്റത്ത് നിന്നവരെ ഇടിച്ച് വീഴ്ത്തുകയും ചെയ്തതായി യാക്കോബായ വിഭാഗം ആരോപിക്കുന്നു.

എല്‍ദോ മാര്‍ ബസേലിയസ് ബാവയുടെ 334 വര്‍ഷം പഴക്കമുളള തിരുശേഷിപ്പുകള്‍ യാക്കോബായ പക്ഷം മാറ്റി സ്ഥാപിക്കുന്നുവെന്നറിഞ്ഞാണ് തോമസ് പോള്‍ റമ്പാന്‍ വ്യാഴാഴ്ച്ച വൈകിട്ട് 6.45 ഓടെയാണ് ചെറിയ പളളിയിലെത്തിയത്. പളളി മുറ്റത്തെ കൽകുരിശിന് സമീപം കാർ പ്രവേശിച്ചതോടെ ഒരു വിഭാഗം യാക്കോബായ വിശ്വാസികള്‍ അക്രമാസക്തരാവുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങാതെ റമ്പാൻ തിരിച്ചു പോകണമെന്ന് തടിച്ചുകൂടിയവർ ആവശ്യപ്പെട്ടു.

മതിയായ പോലീസ് സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ മടങ്ങിപോകാൻ എസ്.ഐ അടക്കമുള്ളവർ റമ്പാനോട് ആവശ്യപ്പെട്ടു.ഈ ആവശ്യം റമ്പാന്‍ നിരസിച്ചതോടെ യാക്കോബായ വിഭാഗം കാറ് തള്ളി നീക്കുകയും കമ്പും കോൺക്രീറ്റ് ഭാഗങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. 15 മിനിറ്റ് നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് സാഹസികമായാണ് റമ്പാന്റെ കാര്‍ പള്ളി കോമ്പൗണ്ടിൽ നിന്ന് മാറ്റിയത്. സുപ്രീം കോടതി വിധിപ്രകാരം ഓർത്തഡോക്സ് സഭയ്ക്ക് പൂർണ അധികാരമാണ് കോതമംഗലം മാർത്തോമന്‍ ചെറിയ പള്ളിയില്‍ നല്‍കിയിരിക്കുന്നത്. സുപ്രീംകേടതി അംഗീകരിച്ച സഭാ ഭരണഘടന പ്രകാരം പള്ളിയുടെ വികാരിയാണ് താനെന്ന് തോമസ് റമ്പാന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details