എറണാകുളം :ആലുവ-കമ്പനിപ്പടി ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. യു ടേൺ എടുക്കുന്നതിനിടെ ചരക്ക് ലോറിക്ക് പിന്നിൽ മാരുതി ഒമ്നി വാൻ ഇടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വാൻ ഓടിച്ച ബാബു എന്നയാൾക്കാണ് പരിക്കേറ്റത്.
പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ്, അപകടത്തിൽപ്പെട്ട വാനിൽ ഇടിച്ചു. ഇതേ തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസവും ദേശീയപാതയില്‍ വാഹനാപകടമുണ്ടായിരുന്നു.
അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യം അമ്പാട്ടുകാവില്‍ പുലർച്ചെ അഞ്ച് മണിക്ക് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടിപ്പറിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ-കളമശ്ശേരി ദേശീയപാതയിൽ വാഹനാപകടം പതിവായിരിക്കുകയാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ഒരു മാസത്തിനുള്ളിൽ രണ്ടുപേരാണ് വാഹനാപകടത്തില്‍പ്പെട്ട് ഈ ഭാഗങ്ങളിൽ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആലുവ-കളമശ്ശേരി ദേശീയപാതയിൽ അപകടങ്ങൾ ഇല്ലാതാക്കാൻ ട്രാഫിക് പൊലീസ് ശക്തമായ ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.