ജില്ലാ ഭരണ സിരാകേന്ദ്രത്തിന്‍റെ മുഖം മാറ്റാനൊരുങ്ങി കലക്ടർ എസ് സുഹാസ്
റവന്യൂ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് 'കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ മന്ത് 'പുരസ്‌കാരം ഏര്‍പ്പെടുത്തി
കൊച്ചി: ജില്ലയിലെ പൊതുജന സേവനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് എറണാകുളം ജില്ല കലക്ടര്‍ എസ് സുഹാസ്. കലക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി പൊതുജനങ്ങളില്‍നിന്നും അഭിപ്രായം ശേഖരിച്ച് മികച്ച ജീവനക്കാരനെ മാസം തോറും കണ്ടെത്തും. അതിനായി കലക്ടറേറ്റ് അന്വേഷണ കൗണ്ടറിനു സമീപത്തായി നാമനിര്‍ദ്ദേശപെട്ടി സ്ഥാപിച്ചു. ഇവരില്‍ നിന്നും മികച്ച ജീവനക്കാരനെ കണ്ടെത്തി 'കലക്ടേഴ്‌സ് എംപ്ലോയി ഓഫ് ദ മന്ത് 'പുരസ്‌കാരം നല്‍കും. കലക്ടറേറ്റിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കിരിക്കാന്‍ പ്രധാന കവാടത്തോടുചേര്‍ന്ന് ഇരിപ്പിടസൗകര്യമൊരുക്കും. റവന്യൂ വാഭാഗത്തെ പൂര്‍ണമായും ഇ- പേപ്പര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് പരിസരത്ത് കാടുമൂടി നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടി തുടങ്ങി. വെള്ളിയാഴ്ച ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ശുചീകരണ യജ്ഞം നടത്തും.