എറണാകുളം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങൾ ന്യായീകരിച്ച് ലക്ഷദ്വീപ് കലക്ടർ എസ്. അസ്കർ അലി. കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ദ്വീപിൽ നടപ്പിലാക്കുന്ന വിവാദ തീരുമാനങ്ങള്‍ കുറിച്ച് കലക്ടര്‍ ന്യായീകരിച്ചത്. ലക്ഷദ്വീപിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ഇത് മത്സ്യത്തൊഴിലാളികളോട് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ സ്ഥാപിത താത്പര്യക്കാരാണ് കുപ്രചരണത്തിന് പിന്നില്‍ - അസ്കര്‍ അലി പറഞ്ഞു.
ദ്വീപിനെതിരെ വ്യാജപ്രചാരണം ശക്തമെന്ന് കലക്ടര്‍
ലക്ഷദ്വീപിനെത്തിരെ ഇപ്പോള്‍ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് കലക്‌ടർ അവകാശപ്പെട്ടു. നിലവിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കില്ല. ലക്ഷദ്വീപിന് പുറത്താണ് ഇപ്പോൾ വ്യാപക വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. ലക്ഷദ്വീപിന്‍റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നത്. നിലവിൽ മുഴുവൻ ദ്വീപ് നിവാസികൾക്കും നൽകാനുള്ള ആദ്യ ഡോസ് വാക്സീൻ എത്തിയിട്ടുണ്ട്. എത്രയും പെട്ടന്ന് വാക്സിൻ വിതരണം പൂർത്തിയാക്കുമെന്നും കലക്ടർ പറഞ്ഞു.
കുറ്റകൃത്യം കൂടിയെന്ന് അസ്കര്‍ അലി
ലക്ഷദ്വീപില്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. ഈയൊരു സാഹചര്യത്തിലാണ് ഗൂണ്ടാ നിയമം നടപ്പാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെയാണ് ദ്വീപിലും ഗോവധ നിരോധനം നടപ്പിലാക്കിയത്. ലക്ഷദ്വീപിൽ ഇപ്പോൾ സമാധാനപരമായ അന്തരീക്ഷമാണുള്ളത്. അത് നിലനിർത്താനാണ് ശ്രമിക്കുന്നത്. നിയന്ത്രണങ്ങൾ പലതും അതിനു വേണ്ടിയാണന്നും കലക്ടർ ന്യായീകരിച്ചു.
ദ്വീപിലെ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത്. എല്ലാ കൊവിഡ് രോഗികൾക്കും ലക്ഷദ്വീപിൽ കൃത്യമായ പരിചരണം നൽകുന്നു. ദ്വീപിൽ കൂടുതൽ ലഭിക്കുന്ന വിഭവങ്ങളാണ് സ്കൂളുകളിൽ നൽകിയത്. ചിക്കനും ബീഫും സുലഭമല്ല. മീനും മുട്ടയും ദ്വീപിൽ ലഭിക്കും. ഇത് കർഷകർക്കു വേണ്ടിയാണ്.