എറണാകുളം: ലക്ഷദ്വീപിൽ ബോധവൽക്കരണത്തിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കാൻ കലക്‌ടറുടെ ഉത്തരവ്. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ദ്വീപ് ജനത വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് ബോധവൽക്കരണം നൽകാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കിയത്. ഓരോ ദ്വീപിലും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് ചുമതല നൽകിയിട്ടുള്ളത്.
ദ്വീപിലെ ജനങ്ങളെ വികസന കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കുകയാണ് പ്രധാന ഉദ്ദേശം. ഏഴ് സെക്രട്ടറിമാർക്കാണ് ഓരോ ദ്വീപിന്‍റെയും ചുമതല നൽകി കലക്ടർ ഉത്തരവിറക്കിയത്. ദ്വീപിൻ്റെ വികസനവും, കൊവിഡ് സാഹചര്യ നിരീക്ഷണവും ലക്ഷ്യമാക്കിയാണ് നടപടികൾ സ്വീകരിച്ചതെന്ന് കലക്ടർ വിശദീകരണം നൽകി.
വികസന കാര്യങ്ങൾ നടപ്പാക്കുക, പഞ്ചായത്ത് അംഗങ്ങളുൾപ്പെടെയുള്ളവരെ കാര്യങ്ങൾ മനസിലാക്കിക്കുക, കൊവിഡ് നിയന്ത്രണം, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ശുചിത്വം എന്നിവയാണ് ഉദ്യോഗസ്ഥരുടെ ചുമതലകൾ. ഓരോ ദ്വീപിലും താമസിച്ച് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചെയ്യണമെന്നാണ് നിർദ്ദേശമെന്ന് കലക്ടർ എസ്. അസ്‌കർ അലി അറിയിച്ചു.
Also Read: രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്
ഫിനാൻസ് സെക്രട്ടറിയായ അമിത് സതിജ, അമിനി കടമത്ത്, ട്രാൻസ്പോർട്ട് സെക്രട്ടറി വിജേന്ദ്ര സിങ് റാവത്ത്, ആന്ത്രോത്ത് പോർട്ട് ചുമതലയുള്ള ശിവകുമാർ, ആന്ത്രോത്ത് അമിത് വർമ്മ ഐപിഎസ്, മിനിക്കോയി ഫോറസ്റ്റ് ചുമതലയുള്ള ദാമോദർ എ.റ്റി, അഗത്തി ഒ.പി മിശ്ര, ചെത്തിലത്ത് ലേക് രാജ് -(കിൽത്താന് ദ്വീപ്) എന്നിവർക്കാണ് ചുമതല നൽകിയിട്ടുള്ളത്.