ജിനോ ജോണിന്‍റെ പുരാവസ്‌തു ശേഖരം എറണാകുളം: മൂവാറ്റുപുഴ പെരിങ്ങഴ സ്വദേശിയായ ജിനോ ജോണിന്‍റെ പുരാവസ്‌തു ശേഖരണം പുരാവസ്‌തു മ്യൂസിയത്തെ വെല്ലുന്നതാണ് (Collection Of Antiquities). സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തുടങ്ങി പുരാവസ്‌തുക്കളോട് തോന്നിയ ആകർഷണമാണ് വലിയൊരു പുരാവസ്‌തു ശേഖരണത്തിലേക്ക് നയിച്ചത്. പുരാവസ്‌തുക്കൾക്ക് വേണ്ടിയുള്ള അന്വേഷണം ജിനോ ഇപ്പോഴും തുടരുകയാണ്. അമൂല്യ പുരാവസ്‌തുക്കളോട് തോന്നിയ ആകർഷണം തന്നെയാണ് ഈയൊരു മേഖലയിൽ സജീവമാകാൻ ജിനോ ജോണിന് പ്രചോദനമായത്. ലക്ഷങ്ങൾ വിലമതിക്കുന്ന പുരാവസ്‌തുക്കളാണ് ജിനോയുടെ ശേഖരത്തിലുളളത്.
കൊച്ചിയിൽ നടക്കുന്ന വിവിധതരം വില്‌പന മേളകൾ, പുരാവസ്‌തു ശേഖരണം വിനോദമാക്കിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ ഫേസ്ബുക്ക് കൂട്ടായ്‌മകൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് പുരാവസ്‌തുക്കൾ അധികവും ശേഖരിച്ചത്. വില കൊടുത്തും ഇത്തരത്തിൽ പുരാവസ്‌തുക്കൾ വാങ്ങിയിട്ടുണ്ട്. ജിനോ ജോണിന് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അമൂല്യമായ വസ്‌തുകൾ നൽകാറുണ്ട്. ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളായ പുരാവസ്‌തുക്കളുടെ അമൂല്യമായ ശേഖരം തന്നെ നിലവിൽ ജിനോ ജോണിന്‍റെ കൈവശമുണ്ട്.
3000 വര്‍ഷം പഴക്കമുള്ള ഗ്രീക്ക് റോമന്‍ നാണയങ്ങള്‍ ഓട്ടൊമാന്‍, ഇസ്ലാമിക് തുടങ്ങി ഇന്ത്യയുടെ പുരാതന നാണയങ്ങള്‍ വരെ ശേഖരണത്തിന്‍റെ മൂല്യം വർധിപ്പിക്കുന്നു. ഇതിനു പുറമെ ചോള, ഡല്‍ഹി സുല്‍ത്താനേറ്റ്, ഗുജറാത്ത്, തിരുവിതാംകൂര്‍ മുതലായ എല്ലാ നാട്ടുരാജ്യങ്ങളിലെയും, ബ്രിട്ടീഷ് ഇന്ത്യ കമ്പനിയുടെയും നാണയങ്ങള്‍ ജിനോയുടെ പുരാവസ്‌തു ശേഖരത്തിലുണ്ട്. വിവിധ രാജ്യങ്ങളിലെ പതിനയ്യായിരത്തോളം നാണയങ്ങളോടൊപ്പം ഇന്ത്യന്‍ ഗവണ്‍മെന്‍റിറക്കിയ 400, 150, 100 രൂപ നാണയങ്ങളും ഓട്ടക്കാലണകളുടെ വന്‍ ശേഖരവും, ജിനോയുടെ ശേഖരണത്തെ വ്യത്യസ്ഥമാക്കുന്നു.
അറുപത് കിലോയോളം നാണയങ്ങളാണ് ജിനോയുടെ കൈവശമുള്ളത്. കൂടാതെ വിദേശങ്ങളിലെ ഉള്‍പ്പെടെ പഴയതും പുതിയതുമായ കറന്‍സി നോട്ടുകളു ശേഖരവും ഉണ്ട്. നാണയങ്ങള്‍ കൂടാതെ പുരാതനകാലത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന നിരവധി ചിത്ര വസ്‌തുക്കളും ജിനോയുടെ ശേഖരത്തിലുണ്ട്. മലയാളിക്ക് ഗൃഹാതുരത്വ ഓർമ്മകൾ സമ്മാനിക്കുന്ന ഉപ്പുമാങ്ങ ഭരണി, സ്വാത്വന്ത്ര്യ സമരത്തിന്‍റെ കഥ പറയുന്ന നിരവധി പോരാട്ടങ്ങളുടെ ഭാഗമായ വാളുകള്‍, വൈദേശികാധിപത്യത്തിന്‍റെ ബാക്കി പത്രങ്ങളായ പറങ്കിപ്പൂട്ടുകള്‍, കുന്തം, കയ്യാമകള്‍, മലപ്പുറംകത്തി, എഴുത്താണി, വെള്ളിക്കോലുകള്‍, വിദേശനിര്‍മ്മിത റാന്തല്‍ വിളക്കുകള്‍, വെറ്റിലചെല്ലം, ഭീമന്‍ താക്കോലുകള്‍, കേരളത്തിലെ ആദ്യത്തെ തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടുപെട്ടികള്‍, ഒരോ കാലഘട്ടത്തിലെയും ഫിലിം ക്യാമറകള്‍, പാതാളക്കരണ്ടി, ബ്രിട്ടീഷ് ഭരണകാലത്തെ മുദ്രപത്രങ്ങള്‍, എഴുത്തുകളും പോസ്റ്റ് കാര്‍ഡുകളും രാജമുദ്രയുള്ള താളിയോല മുദ്രപത്രങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ആഭരണപ്പെട്ടികള്‍, ഘടികാരങ്ങള്‍, ഗ്രാമഫോണ്‍ റിക്കോര്‍ഡുകള്‍, മരത്തില്‍ തീര്‍ത്ത പറകള്‍, കല്ലുവിളക്കുകള്‍, കാളക്കൊമ്പ് മണികള്‍, കണ്‍മഷിച്ചെല്ലം, ത്രാസ്സുകള്‍ തുടങ്ങിയവയെല്ലാം ജിനോയുടെ ശേഖരണത്തെ സമ്പന്നമാക്കുന്നു.
ഇതിന് പുറമെ 16 എംഎം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉള്ള വിവിധ സിനിമകളുടെ റോളുകള്‍, നാട്ടുരാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ എന്നിവയും വിവിധ ഇടങ്ങളിൽ നിന്നായി ജിനോ ശേഖരിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് നാണയ ശേഖരത്തോടുള്ള താല്‍പര്യം വളര്‍ന്നാണ് പുരാവസ്‌തു ശേഖരണത്തിലേക്ക് മാറിയതെന്ന് ജിനോ പറയുന്നു. മൂവാറ്റുപുഴയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന ജിനോയ്ക്ക് പിന്തുണ നല്‍കുന്നത് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ്.
പുതു തലമുറയ്ക്ക് ചരിത്രത്തെ നേരിട്ട് അടുത്തറിയാനുള്ള അവസരം കൂടിയാണ് ജിനോയുടെ പുരാവസ്‌തു ശേഖരണം നൽകുന്നത്. തന്‍റെ കൈവശമുള്ള പുരാവസ്‌തുക്കളുടെ പ്രാധാന്യത്തെ പറ്റി വിശദീകരിക്കാനും ജിനോ തയ്യാറാണ്. താളിയോലകളിൽ തയ്യാറാക്കിയ കുറിപ്പടികൾ മുദ്ര പത്രങ്ങൾ പുതിയ തലമുറയ്ക്ക് നൽകുന്നത് കഴിഞ്ഞ കാലത്തിന്‍റെ സമ്പന്നമായ ചരിത്രത്തിന്‍റെ അറിവുകൾ കൂടിയാണ്. ജിനോ ജോൺ പുരാവസ്‌തുക്കൾക്ക് വേണ്ടിയുള്ള അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് ഈ മൂവാറ്റുപുഴ സ്വദേശി.