എറണാകുളം: എല്ലാവർക്കും സൈബർ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊക്കൂണിന്‍റെ പതിനഞ്ചാമത് എഡിഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സൈബർ സുരക്ഷ സർക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ പൗരന്മാരെയും സംരംഭങ്ങളേയും സുരക്ഷിതമായി നിലനിർത്തേണ്ട ഉത്തരവാദിത്തവും സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട സൈബർ സുരക്ഷയ്ക്ക് അനുയോജ്യമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിന് പൊതു സ്വകാര്യ മേഖലകൾക്കിടയിൽ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാനാണ് ഈ കോൺഫറൻസിലൂടെ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിഗത ഡിജിറ്റൽ ഇടവും സുരക്ഷയും ഇതുപോലെ മറ്റൊരു പ്രശ്‌നമാണ്.
ലോകമെമ്പാടും കമ്പ്യൂട്ടറുകളും, സ്‌മാർട്ട് ഫോണുകളും ഇന്‍റർനെറ്റും വ്യാപകമായതോടെ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടതുൾപ്പടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുകയാണ്. ഈ വിപത്തിനെ നേരിടേണ്ടത് അടിയന്തര ആവശ്യമാണ്. സ്ത്രീകളും കുട്ടികളും അശ്ലീലസാഹിത്യം, അനാവശ്യമായ പിന്തുടരൽ, വഞ്ചന, ഹാക്കിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായിത്തീരുന്നു. ഇവയിൽ ഭൂരിഭാഗവും സംഭവിക്കുന്നത് അവബോധമില്ലായ്‌മയും, സൈബർ ഉപയോഗത്തെക്കുറിച്ച് അറിയാത്തതു കൊണ്ടുമാണ്.
സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്‌തുകൊണ്ടിരിക്കുന്നതിനാൽ, സൈബർ ആക്രമണങ്ങളും സൈബർ കുറ്റകൃത്യങ്ങളും നേരിടാൻ സർക്കാരുകളും വേണ്ടത്ര തയ്യാറാകേണ്ടതുണ്ട്. അതിനാൽ, സൈബർ സുരക്ഷ സാധാരണക്കാർക്കോ വ്യവസായത്തിനോ മാത്രമല്ല, നിയമ നിർവ്വഹണ ഏജൻസികൾക്കും സർക്കാരുകൾക്കും വലിയ ആശങ്കയാണ്. ഈ സാഹചര്യത്തിലാണ് ഈ സമ്മേളനത്തിന് കൂടുതൽ പ്രാധാന്യം ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തി വരുന്ന ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെന്‍റർ നടത്തുന്ന പ്രവർത്തനങ്ങളിൽ ഇന്‍റർ നാഷണൽ സെൻട്രൽ ഫോർ മിസിംഗ് ആന്‍റ് എക്സ്പ്ലോയിറ്റഡ് ചിൾഡ്രൻ എന്ന സംഘടന നൽകുന്ന അവാർഡ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഐപിഎസിന് ഐസിഎംഇസി പ്രതിനിധികളായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ എന്നിവർ ചടങ്ങിൽ സമ്മാനിച്ചു.
സൈബർ സുരക്ഷ ചർച്ച ചെയ്യാൻ കേരള പൊലീസ് സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തി ഇരുന്നൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. സൈബർ മേഖലയിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും പ്രതിരോധ സാങ്കേതിക മാർഗങ്ങളും ഉൾപ്പെടെ വിശദമായ ചർച്ചകൾക്ക് കൊക്കൂൺ 2022 വേദിയായി. മന്ത്രി പി രാജീവ്, ഡിജിപി അനിൽ കാന്ത്, വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.