എറണാകുളം :രണ്ട് ദിവസങ്ങളിലായി കൊച്ചിയില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ 'കൊക്കൂൺ' ഇന്ന് (ഒക്‌ടോബര്‍ 7) സമാപിക്കും. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ കോണ്‍ഫറന്‍സില്‍ സൈബർ സുരക്ഷ രംഗത്തെ പ്രമുഖർ, ഐടി പ്രൊഫഷണലുകൾ, നിയമപാലകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ ഉൾപ്പടെ അയ്യായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത് (Cocon Cyber Conference).
കേരള പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (Information Security Research Associates (ISRA), ദി സൊസൈറ്റി ഫോർ ദി പൊലീസിങ് ഓഫ് സൈബർ സ്പേസ് (Society for the Policing of Cyberspace (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇത്തവണയും കൊക്കൂൺ സമ്മേളനം നടക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ വളരെയധികം വേഗത്തിൽ വികസിക്കുകയും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം അതിന്‍റെ ഉപയോഗവും ദുരുപയോഗവും അനുദിനം വർധിച്ച് കൊണ്ടിരിക്കുകയുമാണ്. ഇത്തരം കാര്യങ്ങളിൽ രാജ്യാന്തര തലത്തിൽ തന്നെ സഹകരണം അത്യാവശ്യമാണെന്ന് പരിപാടിയിൽ സംസാരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രായമായവർ അത്ഭുതത്തോടെ കാണുമ്പോൾ , ഡിജിറ്റൽ യുഗത്തിൽ ജനിക്കുന്ന കുട്ടികൾക്ക്, അവ കളിപ്പാട്ടങ്ങൾ പോലെയാണ്, 3 വയസിന് താഴെയുള്ള കുട്ടികൾ അക്ഷരമാല പഠിക്കുന്നതിന് മുമ്പ് തന്നെ അവരുടെ മാതാപിതാക്കൾ ഗാഡ്‌ജെറ്റ് ശീലമാക്കുന്നതാണ് കാണാൻ കഴിയുന്നത്. ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങൾ വിനോദത്തിന്‍റെയും കളിയുടെയും വിദ്യാഭ്യാസത്തിന്‍റെയും നിർവചനം മാറ്റി എഴുതിയതായും ഗവർണർ പറഞ്ഞു.