എറണാകുളം :സഹകരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സഹകരണ എക്‌സ്പോ 2022ന് ഇന്ന് ( 18.04.2022 ) വൈകിട്ട് തുടക്കമാകും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ചെണ്ട മേളത്തോടെയാണ് ആരംഭം. രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന സഹകരണ എക്സ്പോയ്ക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് ഇതിനകം പൂർത്തിയാക്കിയത്.
സഹകരണ മേഖലയും ജനങ്ങളും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.ബിനോയ് കുമാർ പറഞ്ഞു. സഹകരണ മേഖലയിലുണ്ടായ മാറ്റം ജനങ്ങളിൽ എത്തിക്കാൻ ഈ പ്രവർത്തനം കൊണ്ട് കഴിയും. സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ നടക്കും.
പത്ത് ലക്ഷത്തോളം ആളുകൾ എക്സ്പോ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം എഴുമണിക്ക് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാളുകളുടെ ഉദ്ഘാടനം വ്യവസായ ന്ത്രി പി. രാജീവ് നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ 60,000 ചതുരശ്ര അടിയില്‍ തീര്‍ത്ത പവലിയനില്‍ 210 സ്റ്റാളുകള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.