എറണാകുളം : കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് പതിപ്പിന് പ്രൗഢ ഗംഭീരമായ തുടക്കം. നമ്മുടെ നാടിന്‍റെ സംസ്കാരം ലോകത്തിന്‍റെ മുഖ്യധാരയിലെത്തിക്കാനുള്ള ചരിത്രപരമായ ദൗത്യമാണ് ബിനാലെയ്ക്ക് നിർവഹിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ബിനാലെ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിലോമ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകൾക്ക് ബിനാലെ കരുത്ത് പകരും. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമകരമായ ആശയങ്ങള്‍ നടപ്പാക്കാന്‍ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവ് പ്രകടിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സാംസ്‌കാരിക ഘടകങ്ങള്‍ ഉള്‍പ്പടെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയണം. എന്നാൽ മാത്രമേ കലാപരമായ മേന്മ വർധിക്കുകയുള്ളൂ. പത്ത് വർഷം മുമ്പ് ബിനാലെ തുടങ്ങുമ്പോൾ സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു.
കേരളത്തിൽ ബിനാലെയ്ക്ക് വിജയിക്കാൻ കഴിയുമോയെന്ന് ചോദിച്ചവരുണ്ടായിരുന്നു. അഞ്ചാമത്തെ പതിപ്പിൽ എത്തി നിൽക്കുമ്പോൾ മുപ്പത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള 90ലധികം കലാകാരര്‍ ബിനാലെയിൽ പങ്കാളികളാവുകയാണ്. അന്താരാഷ്ട്ര തലത്തിലേക്ക് ബിനാലെ വളർന്നു. അഭിമാനകരമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വളർന്നുകൊണ്ടിരിക്കുന്ന ബിനാലെയുടെ സാംസ്‌കാരിക പ്രാധാന്യം മനസിലാക്കിയാണ് ഏഴ് കോടി രൂപ നൽകാൻ സർക്കാർ തയ്യാറായത്. ഇന്ത്യയിലെ ഒരു സാംസ്‌കാരിക പരിപാടിയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ സഹായമാണിത്. വിനോദ ഉപാധി എന്നതിനപ്പുറം മനുഷ്യന്‍റെ ദുഖങ്ങൾക്ക് ആശ്വാസം പകരാനും അവയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള വേദികൂടിയായി കല വിലയിരുത്തപ്പെടുന്നുണ്ട്.