എറണാകുളം :അന്തരിച്ച പ്രശസ്‌ത കാർട്ടൂണിസ്റ്റ് യേശുദാസന്‍റെ സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 11 ന് എറണാകുളത്ത് നടക്കും. ചിറ്റൂർ റോഡിലെ സെന്‍റ് മേരീസ് ചർച്ച് സെമിത്തേരിയിലാണ് അടക്കം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് വ്യാഴാഴ്‌ച രാവിലെ വീട്ടിലെത്തിക്കും.
രാവിലെ എട്ട് മുതൽ എട്ടര വരെ കളമശേരി ചങ്ങമ്പുഴ നഗറിലെ വീട്ടിൽവച്ച് ബന്ധുക്കൾ അന്തിമോപചാരം അർപ്പിയ്ക്കും. രാവിലെ എട്ടര മുതൽ 11 വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സമൂഹത്തിന്‍റെ നാനാതുറകളിലുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിയ്ക്കും. ഇതിന് ശേഷമായിരിക്കും സെന്‍റ് മേരീസ് ചർച്ചിൽ സംസ്കാര ചടങ്ങുകൾ തുടങ്ങുക.
സംസ്ഥാനത്തെ ആദ്യ പോക്കറ്റ് കാർട്ടൂണിന്‍റെ സൃഷ്‌ടി
ബുധനാഴ്ച പുലർച്ചെയാണ് കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചത്. കൊവിഡ് ബാധിതനായി ഏതാനും ആഴ്ച്ചകൾക്ക് മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്‌ച മുമ്പ് കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്‌തിരുന്നു. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
മലയാള പത്രചരിത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റാണ് യേശുദാസൻ. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണിന്‍റെ രചയിതാവാണ്. 1955 ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയില്‍ ദാസ് എന്ന പേരിലാണ് വരച്ചുതുടങ്ങിയത്. ജനയുഗം ആഴ്ചപതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് ആദ്യ പംക്തി.
വിയോഗം വരെയും കൈയ്യില്‍ കാര്‍ട്ടൂണ്‍ ബ്രഷ്
കിട്ടുമ്മാവൻ, മിസിസ് നായർ, പൊന്നമ്മ സൂപ്രണ്ട് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ മലയാളിയ്ക്ക് ചിരിയും ചിന്തയും പകർന്ന കലാകാരനും എഴുത്തുകാരനുമായിരുന്നു യേശുദാസൻ. കുറിക്ക് കൊള്ളുന്ന രാഷ്ട്രീയ വിമർശനങ്ങളായിരുന്നു യേശുദാസന്‍റെ കാർട്ടൂണുകളുടെ ശൈലി. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ശിഷ്യനായിരുന്നു അദ്ദേഹം. 1938 ൽ മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ ജനിച്ച യേശുദാസൻ 83 -ാം വയസിൽ വിയോഗം വരെയും കാർട്ടൂൺ രംഗത്ത് സജീവമായിരുന്നു.
അണിയറ, പ്രഥമദൃഷ്ടി പോസ്റ്റ്‌മോര്‍ട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, 9-പുരാണകില റോഡ് തുടങ്ങിയ കൃതികളുടെ രചയിതാവ് കൂടിയാണ് കാർട്ടൂണുകളുടെ ഈ കുലപതി. കെ.ജി. ജോർജ് സംവിധാനം ചെയ്‌ത 'പഞ്ചവടിപ്പാലം' എന്ന ചലച്ചിത്രത്തിന് സംഭാഷണവും, എ.ടി അബു സംവിധാനം ചെയ്‌ത 'എന്‍റെ പൊന്നു തമ്പുരാൻ' എന്ന ചിത്രത്തിന് തിരക്കഥയും, എഴുതിയിട്ടുണ്ട്.
ALSO READ:കലൂരില്‍ സ്ലാബ് തകര്‍ന്ന് തൊഴിലാളി മരിച്ചു ; രണ്ട് പേരെ രക്ഷപ്പെടുത്തി